മഅദനിയുടെ ജീവൻ രക്ഷിക്കാൻ കേരള സർക്കാർ അടിയന്തിരമായി ഇടപെടണം; പി സി എഫ്
ദുബായ്: രണ്ട് പതിറ്റാണ്ടിലധികമായി സംഘ്പരിവാർ ഫാസിസ്റ്റ് ഭരണകൂടം കള്ളക്കേസിൽ കുടുക്കി വേട്ടയാടപ്പെടുന്ന ഇസ്ലാമിക പണ്ഡിതനും രാഷ്ട്രീയ സാമൂഹിക നേതാവുമായ അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യ സ്ഥിതി നിലവിൽ ആശങ്കാജനകം ആണെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ പറയുന്നത് .
നീണ്ട ജയിൽ വാസത്തിന്റെ ഭാഗമായി കൃത്യമായ ചികിത്സ കിട്ടാത്തത് കൊണ്ട് നിരവധി രോഗങ്ങൾ ആദ്യമേ അലട്ടുന്ന മഅദനിക്ക് നിലവിൽ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കൂടി കാണിക്കുന്നു എന്നാണ് ഡോക്ടർമാർ വിശദ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ മഅദനിയുടെ ജീവൻ രക്ഷിക്കാൻ കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പി സി എഫ് യു എ ഇ നാഷണൽ കമ്മിറ്റി ആവശ്യപ്പെടുന്നു
ഒരു അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം, അല്ലാത്ത പക്ഷം ശരീരം തീർത്തും നിശ്ചലമായി പോവുമെന്ന മുന്നറിയിപ്പ് കൂടി അദ്ദേഹത്തെ പരിശോധിച്ച ഒന്നിലധികം ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു .
കടുത്ത പ്രമേഹവും വൃക്ക സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ടും സർജറിക്ക് വിധേയമാകണമെങ്കിൽ വിവിധ മേഖലകളിലുള്ള ഉന്നത മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണം അനിവാര്യമാണ് .
നിലവിൽ ബാംഗ്ലൂരിൽ അനുകൂല സാഹചര്യങ്ങളല്ല നിലവിലുള്ളത് . സുരക്ഷാ വിഷയങ്ങൾ ഉയർത്തി പലപ്പോഴും മഅദനിക്ക് ലഭിക്കേണ്ട ചികിത്സ പോലും നിഷേധിക്കുന്ന സാഹചര്യങ്ങൾ ഉണ്ട് .
പക്ഷാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഒരു വർഷം മുൻപ് പ്രകടമായപ്പോൾ കൃത്യ സമയത്ത് വേണ്ട ചികിത്സ തുടർച്ചയായി ലഭിക്കാത്തത് കൊണ്ടാണ് ഇപ്പോൾ അസുഖം ഗുരുതരാവസ്ഥയിലെത്തിയത്.
ഈ അവസ്ഥയിൽ മാനുഷിക പരിഗണനകൾ അടിസ്ഥാനമാക്കി ബംഗ്ലൂർ നഗരപരിധിയിൽ നിന്ന് പുറത്ത് വരാനുള്ള ജാമ്യം അനുവദിക്കേണ്ടതാണ്.
മഅദനിയുടെ ആരോഗ്യ സ്ഥിതി ആശങ്കാപരമായി തുടരുന്നത് കൊണ്ട്, ജീവൻ രക്ഷിക്കാൻ കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഓൺലൈൻ പ്രതിഷേധ ക്യാമ്പയിൻ നടന്നു വരുന്നതായി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.