സ്‌കൂള്‍ കലോത്സവം കോഴിക്കോടിന് കീരീടം;
ഒന്നാമത് എത്തുന്നത് 20ാം തവണ
കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോടിന് കീരീടം. 938 പോയിന്റ് നേട്ടത്തോടെയാണ് കോഴിക്കോട് കിരീടം നേടിയത്. ഇതോടെ കോഴിക്കോടിന്റെ കീരീടം നേട്ടം ഇരുപതായി. 918 പോയിന്റ് നേടിയ കണ്ണൂരാണ് രണ്ടാമത്. 916 പോയിന്റ് നേടി പാലക്കാടാണ് തൊട്ടുപിന്നില്‍.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.ഏറ്റവും കൂടുതല്‍ പോയിന്റ്റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ എസ് ചിത്രയും നിര്‍വഹിക്കും.
കലോത്സവ സുവനീര്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും. എംപിമാരായ എളമരം കരീം,എംകെ രാഘവന്‍, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐഎഎസ് സ്വാഗതം പറയും.