യുഎഇയിലെ പുതിയ വീസാ ചട്ടങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും; മാറ്റങ്ങള്‍ ഇവയാണ്

0 0
Read Time:7 Minute, 49 Second

യുഎഇയിലെ പുതിയ വീസാ ചട്ടങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും; മാറ്റങ്ങള്‍ ഇവയാണ്

അബുദാബി:  യുഎഇയിലെ പുതിയ വീസ ചട്ടം ഇന്ന് നിലവിൽ വരും. വീസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ ലളിതമാകും. പ്രവാസികൾക്ക് ഏറെ ഗുണപ്രദമാകുന്ന ഒട്ടേറെ പുതിയ വിസകളും നിലവില്‍ വരും. അഞ്ചു വര്‍ഷം കാലാവധിയുള്ള  ഗ്രീൻ റെസിഡന്റ് വീസയാണ് പുതിയ വീസകളിൽ പ്രധാനം. സ്‍പോൺസറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്നതാണ് ഗ്രീൻ വീസ.
യുഎഇ പാസ്‍പോര്‍ട്ടുകളുടെ മൂന്നാം തലമുറയ്ക്കും പുതിയ അത്യാധുനിക വിസാ സംവിധാനത്തിനും തുടക്കം കുറിക്കാന്‍ സജ്ജമാണെന്ന് യുഎഇയിലെ ഫൈഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി എന്നിവ അറിയിച്ചിരുന്നു. പുതിയ സംവിധാനത്തിലൂടെ നിലവിലുള്ള വിസ രീതികള്‍ കുടുതല്‍ ലളിതമാക്കുകയാണ് . ഒപ്പം പ്രവാസികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനവും താമസവും കൂടുതല്‍ സുഗമവും ലളിതവുമായി മാറും.

വിസിറ്റ് വിസകള്‍
യുഎഇയിലേക്കുള്ള എല്ലാ വിസിറ്റ് വിസകളും സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യങ്ങളോടെ ലഭ്യമാണ്. നേരത്തെ 30 ദിവസത്തേക്കായിരുന്നു സന്ദര്‍ശക വിസകള്‍ അനുവദിച്ചിരുന്നതെങ്കില്‍ ഇനി 60 ദിവസം വരെ ഇത്തരം വിസകളില്‍ രാജ്യത്ത് താമസിക്കാം. വിസ അനുവദിക്കുന്ന അതേ കാലയളവിലേക്ക് അവ പിന്നീട് ദീര്‍ഘിപ്പിക്കുകയും ചെയ്യാം.

തൊഴില്‍ അന്വേഷിക്കാനായി,  സ്‍പോണ്‍സറുടെ ആവശ്യമില്ലാത്ത പ്രത്യേക വിസകളും അനുവദിക്കും. യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്കില്‍ ലെവലുകളില്‍ വരുന്ന ജോലികള്‍ക്കായാണ് ഈ വിസ അനുവദിക്കുക. ഒപ്പം ലോകമെമ്പാടുമുള്ള മികച്ച 500 സര്‍വകലാശാലകളില്‍ നിന്ന് പുറത്തിറങ്ങുന്ന തൊഴില്‍ പരിചയമില്ലാത്ത ബിരുദധാരികള്‍ക്കും ജോലി കണ്ടെത്താനുള്ള വില ലഭിക്കും.രാജ്യത്ത് സന്ദര്‍ശകനായെത്തുന്ന ഒരാള്‍ക്ക് തന്റെ ബന്ധുവോ സുഹൃത്തോ ആയി ഒരു യുഎഇ പൗരനോ അല്ലെങ്കില്‍ യുഎഇയിലെ സ്ഥിരതാമസക്കാരനോ ഉണ്ടെങ്കില്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാം. ഇതിനും സ്‍പോണ്‍സര്‍ ആവശ്യമില്ല.അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കും സ്‍പോണ്‍സര്‍ ആവശ്യമില്ല. രാജ്യത്ത് 90 ദിവസം വരെ തുടര്‍ച്ചയായി താമസിക്കാന്‍ ഈ വിസകളില്‍ അനുമതിയുണ്ടാകും. ഇത് ആവശ്യമെങ്കില്‍ പിന്നീട് 90 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്യാം. എന്നാല്‍ ഒരു വര്‍ഷം 180 ദിവസത്തില്‍ കൂടുതല്‍ യുഎഇയില്‍ താമസിക്കാനാവില്ല. 4000 ഡോളറിന് തുല്യമായ ബാങ്ക് ബാലന്‍സ് ഉണ്ടെന്ന് തെളിയിക്കണം. വിസയ്ക്ക് അപേക്ഷിക്കുന്ന കാലയളവിന് ആറ് മാസം മുമ്പ് വരെയുള്ള സമയത്തെ ബാങ്ക് ബാലന്‍സ് ആണ് പരിശോധിക്കുക.

ഫാമിലി സ്‍പോണ്‍സര്‍ഷിപ്പ് നിബന്ധന
പ്രവാസികള്‍ക്ക് ആണ്‍ മക്കളെ 25 വയസ് വരെ സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍കൂടെ താമസിപ്പിക്കാം. നേരത്തെ ഈ പ്രായ പരിധി 18 വയസായിരുന്നു. അവിവാഹിതരായ പെണ്‍മക്കളെ പ്രായപരിധിയില്ലാതെ തന്നെ സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ താമസിക്കാനുമാവും. ഭിന്നശേഷിക്കാരായ കുട്ടികളെയും പ്രായപരിധി പരിഗണിക്കാതെ സ്‍പോണ്‍സര്‍ ചെയ്യാം. ഗ്രീന്‍ റെസിഡന്‍സിയിലൂടെ അടുത്ത ബന്ധുക്കളെയും സ്‍പോണ്‍സര്‍ഷിപ്പില്‍ കൊണ്ടുവരാം.

ഗോള്‍ഡന്‍ വിസയില്‍ മാറ്റം
കൂടുതല്‍ വിഭാഗങ്ങളിലുള്ളവരെക്കൂടി ഉള്‍പ്പെടുത്തുന്ന തരത്തില്‍ ഗോള്‍ഡന്‍ വിസാ സംവിധാനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ ആവശ്യമായിരുന്ന മിനിമം മാസ ശമ്പളം 50,000 ദിര്‍ഹത്തില്‍ നിന്ന് 30,000 ദിര്‍ഹമാക്കി കുറച്ചിട്ടുണ്ട്. മെഡിസിന്‍, സയന്‍സ്, എഞ്ചിനീയറിങ്, ഐടി, ബിസിനസ് ആന്റ് അഡ്‍മിനിസ്‍ട്രേഷന്‍, എജ്യുക്കേഷന്‍, നിയമം, കള്‍ച്ചര്‍ ആന്റ് സോഷ്യല്‍ സയന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം. ഇവര്‍ക്ക് യുഎഇയില്‍ സാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടാവണം. ഒപ്പം യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്നും, രണ്ടും ലെവലിലുള്ള ജോലികള്‍ ചെയ്യുന്നവര്‍ ആയിരിക്കുകയും വേണം.രണ്ട് മില്യന്‍ ദിര്‍ഹം മൂല്യമുള്ള വസ്‍തുവകകള്‍ സ്വന്തമാക്കിയാല്‍ നിക്ഷേപകര്‍ക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിക്കും. ചില പ്രത്യേക പ്രാദേശിക ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന വായ്‍പയും ഇതിനായി എടുക്കാന്‍ അനുമതിയുണ്ട്.ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് പ്രായപരിധിയില്ലാതെ തന്നെ മക്കളെ സ്‍പോണ്‍സര്‍ ചെയ്യാം. ഒപ്പം എത്ര പേരെ വേണമെങ്കിലും സപ്പോര്‍ട്ട് സ്റ്റാഫായി സ്‍പോണ്‍സര്‍ ചെയ്യുകയും ചെയ്യാം.ആറ് മാസത്തിലധികം യുഎഇക്ക് പുറത്ത് താമസിച്ചാലും ഈ വിസകള്‍ക്ക് പ്രശ്നമുണ്ടാവില്ല.

ഗ്രീന്‍ വിസ
പ്രൊഫഷണലുകള്‍ക്ക് സ്‍പോണ്‍സര്‍ ആവശ്യമില്ലാതെ അഞ്ച് വര്‍ഷം യുഎഇയില്‍ താമസിക്കാം. സാധുതയുള്ള തൊഴില്‍ കരാറും ഒപ്പം കുറഞ്ഞത് 15,000 ദിര്‍ഹം ശമ്പളവും ഉണ്ടായിരിക്കണം. ഫ്രീലാന്‍സര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ഈ വിസയ്ക്ക് അപേക്ഷ നല്‍കാം.

ഗ്രേസ് പീരിഡ്
വിസയുടെ കാലാവധി കഴിഞ്ഞാല്‍ നേരത്തെ 30 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു വ്യവസ്ഥയെങ്കില്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യം വിടാന്‍ ആറ് മാസത്തെ ഗ്രേസ് പീരിഡ് ലഭിക്കും. എന്നാല്‍ എല്ലാത്തരം വിസകള്‍ക്കും ഇത് ബാധകമാണോ എന്ന് വ്യക്തമല്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!