സ: കോടിയേരി ബാലകൃഷ്ണൻ സാറിന്റെ വിയോഗം!!! കൂടെ കഴിഞ്ഞ നിമിഷങ്ങൾ… …..✍️( സാലി,സീഗന്റെടി )r

1 0
Read Time:7 Minute, 59 Second

സ: കോടിയേരി ബാലകൃഷ്ണൻ സാറിന്റെ വിയോഗം!!!
കൂടെ കഴിഞ്ഞ നിമിഷങ്ങൾ…
( സാലി,സീഗന്റെടി )

കോടിയേരി ബാലകൃഷ്ണൻ സാറിന്റെ കുടുംബവുമായുളള ബന്ധം അവിചാരിതമായിരുന്നു..

ദുബായിൽ ജോലി നഷ്ടപ്പെട്ട നാളുകൾ..
അൽ റിഗ്ഗ റോഡിൽ ഒരു ഗ്രോസറി നടത്തുന്ന,
തലശ്ശേരി സ്വദേശിയായ ഷരീഫ്ക്ക വഴിയാണ് ,
കോടിയേരി സാറിന്റെ മകൻ,
ബിനോയ് കോടിയേരിയുടെ ഓഫീസിൽ
ഒരു ഓഫീസ് ബോയ് ആവശ്യമുണ്ടെന്ന് അറിയിച്ചത്..
ജോലി ലഭിച്ചെങ്കിലും അതൊരു പാർടൈം വർക്കായിരുന്നു..
പിന്നീടത് ഫുൾടൈമായി മാറുകയും, ബിനോയ് ഒരു നല്ല സുഹൃത്തായി മാറുകയും ചെയ്തു..

വെറും മൂന്ന് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി ഞാൻ നാട്ടിലേക്ക് മടങ്ങി..

ഈ സമയത്താണ് ഇടത് സർക്കാർ (2006)ൽ അധികാരത്തിൽ വരുന്നത്..
ദിവസങ്ങൾക്കുള്ളിൽ ബിനോയും നാട്ടിൽ വന്നു.
അദ്ദേഹത്തിന്റെ കല്ല്യാണം ഉറപ്പിച്ച സമയം..
ക്ഷണം സ്വീകരിച്ച് ഞാനും ദിവസങ്ങൾക്ക് മുമ്പേ തലശ്ശേരിയിലെത്തി.
അവിടെ നിന്നാണ് കോടിയേരി എന്ന സ്ഥലത്തേക്കുളള ബസ് യാത്ര തുടങ്ങുന്നത് ” ചുവന്ന മണ്ണിലേക്ക് സ്വാഗതം” എന്ന
കമാനത്തിലൂടെയായിരുന്നു ആഗമനം.!

ചുവന്ന ബസ്റ്റാന്റുകളും, രക്തസാക്ഷി മണ്ഡപങ്ങളും
യഥേഷ്ടം പിന്നിട്ടു.!

വസതിയുടെ മുമ്പിൽ എത്തിയപ്പോൾ ഔദ്യോഗിക വാഹനങ്ങളും,പോലീസ് സന്നാഹങ്ങളും ഒക്കെ കണ്ട് ഞാനൊന്നു പരുങ്ങി.!
ബിനോയുടെ സുഹൃത്താണെന്ന് പറഞ്ഞപ്പോൾ ഒരു പോലീസ് വന്ന് അകത്തേക്ക് കൂട്ടി
കൊണ്ടുപോയി..

അവിടെ
ആഭ്യന്തര മന്ത്രിയായി സ്ഥാനം
ഏറ്റെടുത്ത സഖാവ് കോടിയേരി ബാലകൃഷ്ണൻ സാർ ഇരിക്കുന്ന കാഴ്ച.!
നിഷ്കളങ്കമായി അദ്ദേഹം ചിരിച്ചു..
ഷെയ്ക്ക് ഹാൻഡ് തന്നു..
നിങ്ങളുടെ പോലീസ് സ്റ്റേഷൻ ഏത് പരിധിയിൽ വരും എന്ന് ചോദിച്ചു..
” കുമ്പള ” എന്ന് ഞാൻ മറുപടി പറഞ്ഞു..

തിരുവനന്തപുരം ശ്രീ മൂലം ക്ളബ്ബിൽ വെച്ച് ബിനോയുടെ വിവാഹച്ചടങ്ങിൽ ഞാൻ സജീവമായി കൂടെ നിന്നു..
ആഭ്യന്തരമന്ത്രിയുടെ മകൻ ആയത് കൊണ്ട് തന്നെ ഏകദേശം മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു..

ഒരാഴ്ചയ്ക്ക് ശേഷം ഞാൻ
നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും ആ കുടുംബം എന്നെ പോകാൻ അനുവദിച്ചില്ല..
താൽക്കാലിക ജീവനക്കാരനായി അവരോടൊപ്പം എന്നേയും നിർത്തി.
സ്വന്തം കുടുംബത്തിലെ
ഒരംഗത്തെപ്പോലെയായിരുന്നു
ഞാനവർക്ക്..
റംസാൻ കാലത്ത് നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ വരെ അവർ എത്തിച്ചുതരുമായിരുന്നു.!
സാമ്പത്തിക പ്രതിസന്ധികൾ
വരുന്ന സമയങ്ങളിൽ എന്നെ സഹായിച്ച കുടുംബമായിരുന്നു
കോടിയേരി സാറിന്റെത്..

ചില വൈകുന്നേരങ്ങളിൽ
ബിനീഷ് ഞങ്ങളോടൊപ്പം കളിതമാശകൾ പറയാനും മറ്റും സമയം കണ്ടെത്തും..

മേജർ രവി സംവിധാനം ചെയ്ത “കുരുക്ഷേത്ര ” സിനിമയും ഈ സമയത്താണ്
റിലീസായത്. ഈ സിനിമയിൽ ഒരു പട്ടാളക്കാരന്റെ ശക്തമായറോളിൽ ബിനീഷ് കോടിയേരി അഭിനയിച്ചു.
തമ്പാനൂരിലെ
ശ്രീ കുമാർ തിയറ്ററിൽ സിനിമ റിലീസായി. മാറ്റിനി ഷോ കാണാൻ കോടിയേരി സാറും ഉണ്ടായിരുന്നു.. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം എനിക്കും അവസരം കിട്ടി..
ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വാതിൽക്കൽ സംവിധായകൻ
മേജർ രവി നിൽക്കുന്നു.. അദ്ദേഹത്തെ
പരിചയപ്പെടാനും അന്ന് അവസരം കിട്ടി.!

ഗവൺമെന്റിന്റെ കാലാവധി കഴിഞ്ഞു..
പല കാരണങ്ങൾ കൊണ്ട്
ഞാൻ നാട്ടിൽ തന്നെ തുടർന്നു..

വർഷങ്ങൾ പോയതറിയാതെ..

ഭരണം മാറിമറിഞ്ഞു..
കോടിയേരി സാർ പാർട്ടി സെക്രട്ടറിയായി..

പിൽക്കാലത്ത് എങ്ങിനെയോ ഞാൻ ഇടത് ചിന്തകനായി..

ഈ അടുത്ത കാലത്ത്
ബന്തിയോട് ഒരു പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ
അദ്ദേഹം വന്നപ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്നും എന്നെ കണ്ടുപിടിച്ചു.!
സ്റ്റേജിലേക്ക് കൈമാടി വിളിച്ചു..
കുശലന്യോഷണം നടത്തി.
പരിപാടി കഴിഞ്ഞയുടനെ
ചിലരൊക്കെ എന്നോട്
ചോദിച്ചു :
നിന്നെ എങ്ങിനെ അദ്ദേഹത്തിന് അറിയാം എന്ന്.?
അത്,
രാഷ്ട്രീയ ബന്ധമല്ലായെന്ന്
ഞാനവരോട് പറഞ്ഞു..

അദ്ദേഹത്തിന്റെ അസുഖം കൂടിക്കൊണ്ടിരിന്നു.!
കഴിഞ്ഞ ദിവസങ്ങളിൽ
അപ്പോളോ ആശുപത്രിയിൽ
കൊണ്ടുപോകുന്ന കാഴ്ചയും വാർത്തകളിൽ കാണാൻ കഴിഞ്ഞു.!!

രാത്രി വിനോദിനി മാഡത്തിന്
( ഭാര്യ )ഒരു മെസ്സേജ് അയച്ചു.
ഉടനെ അവർ തിരിച്ചു എനിക്കും മെസ്സേജ് അയച്ചു..
ഞങ്ങൾ ആശുപത്രിയിൽ എത്തി എന്ന്.

ഓർമ്മകൾ പിന്നേയും ബാക്കി..
മന്ത്രിയായിരിക്കെ,
വീട്ടിൽനിന്നും ഇറങ്ങാൻ നേരം
ജോലിക്കാരായ ഞങ്ങളോടൊക്കെ ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞ് കാറിൽ കയറുന്ന പ്രിയപ്പെട്ട സഖാവ്..

അസ്സംബ്ളി കഴിഞ്ഞു വഴുതക്കാടുളള വസതിയിലേക്ക് പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെ ചിരിച്ചുകൊണ്ട് പോലീസിന്റെ സല്യൂട്ട് സ്വീകരിച്ച് കയറി വരുന്ന പ്രിയപ്പെട്ട സഖാവ്..

ചിലപ്പോൾ,
ചികിത്സയുടെ ഭാഗമായി
അദ്ദേഹത്തിന് കിഴി വെക്കുന്നത് ഞാനായിരുന്നു..

നിന്റെ പാർട്ടി ഏതാണെന്നോ,
മതം ഏതാണെന്നോ ഒരിക്കലും ചോദിക്കാത്ത
നേതാവ്..
വ്യക്തിപരമായി ആരോടും
ശത്രുതയില്ലാത്ത മനുഷ്യൻ..

ഹൊസങ്കടിയിൽ
പാർട്ടി ഓഫീസ് ഉദ്ഘാടനം
ചെയ്യാൻ ഈ അടുത്തിടെ
വന്നപ്പോഴും സ്റ്റേജിൽ നിന്നും
എനിക്ക് കൈകാണിച്ചു..
പരിപാടി കഴിഞ്ഞ് കാറിൽ
കയറുന്ന സമയം ഞാൻ അടുത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും തിരക്ക് കാരണം പോലീസുകാർ അനുവദിച്ചില്ല..
എങ്കിലും, ഗ്ളാസ് താഴ്ത്തി
അദ്ദേഹം വീണ്ടും എനിക്ക് കൈവീശിക്കാണിച്ചു..
നഗരത്തിന്റെ തിരക്കുകളിലേക്ക് ആ വാഹനങ്ങൾ മറയുന്നത് വരെ
ഞാൻ നോക്കി നിന്നു.!
അതായിരുന്നു
അവസാനത്തെ കാഴ്ച..

പ്രിയ സഖാവിന്,
വിപ്ളവാഭിവാദ്യങ്ങൾ നേരുന്നു..

( സാലി, സീഗന്റെടി )

Happy
Happy
25 %
Sad
Sad
75 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!