ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക്‌ തീപാറും പോരാട്ടം ഇന്ന്‌; കോലിയില്‍ ഉറ്റുനോക്കി ആരാധകര്‍

0 0
Read Time:9 Minute, 3 Second

ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക്‌ തീപാറും പോരാട്ടം ഇന്ന്‌; കോലിയില്‍ ഉറ്റുനോക്കി ആരാധകര്‍

ദുബൈ: 2008-ലെ മുംബൈ ഭീകരാക്രമണം കാര്യങ്ങള്‍ വീണ്ടും വഷളാക്കി. അതിനു ശേഷം ഐസിസി വേദികളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇക്കാരണങ്ങളാല്‍ തന്നെയാണ് ലോക വേദികളിലെ ഇന്ത്യ – പാകിസ്താന്‍ പോരാട്ടങ്ങള്‍ക്ക് യുദ്ധസമാനമായ ഒരു പ്രതീതി കൈവരുന്നത്.

ഇന്ത്യയും പാകിസ്താനും ഒന്നിച്ച പരസ്പരം കളത്തിലിറങ്ങുമ്പോൾ അത് രണ്ടു രാജ്യങ്ങൾ തമ്മിൽ നടക്കുന്ന മത്സരം എന്നതിലുപരി വൈകാരികമായ തലത്തിലേക്ക് ഉയരുന്ന പോരാട്ടം കൂടിയാണ്. അതിനാൽ തന്നെ ആരാധകരിൽ വീറും വാശിയും ആവോളമേറും. ഇക്കാരണത്താൽ തന്നെ അത്തരം മത്സരങ്ങളിലെ തോൽവി ടീമിനുണ്ടാക്കുന്ന ആഘാതവും വളരെ വലുതായിരിക്കും. ഏഷ്യാ കപ്പിൽ ഞായറാഴ്ച കളത്തിലിറങ്ങുമ്പോൾ ഇരു ടീമുകൾക്കും മറികടക്കേണ്ടത് ഈ മാനസിക സമ്മർദമാണ്.
1947 മുതൽ 75 വർഷങ്ങൾക്കിപ്പുറവും കായിക രംഗത്തെ ഇന്ത്യ – പാക് പോരാട്ടങ്ങൾക്ക് പ്രത്യേക മാനമുണ്ട്. ഇതിനിടെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം പലപ്പോഴും ഇന്ത്യ – പാക് ക്രിക്കറ്റ് മത്സരങ്ങൾ നടക്കാതെ വന്നിട്ടുണ്ട്. 1965, 1971 വർഷങ്ങളിലെ യുദ്ധങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത് ക്രിക്കറ്റിലും നിഴലിച്ചു. പിന്നീട് 1978 വരെ ഇരുവരും തമ്മിൽ കളിച്ചില്ല. ഭീകരാക്രമണങ്ങളും മറ്റും കാരണം പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം ഇന്ത്യ പലതവണ ഉപേക്ഷിച്ചിരുന്നു. എന്നാൽ പലപ്പോഴും ഇരു രാജ്യങ്ങൾക്കിടയിലും നയതന്ത്രത്തിന്റെ രൂപത്തിൽ ഉയർന്നുവന്നതും ക്രിക്കറ്റ് മത്സരങ്ങളാണ്. 1980-കളുടെ അവസാനത്തിലും 1990-കളുടെ ഭൂരിഭാഗവും ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കളിച്ചത് യുഎഇ, ഷാർജ, കനേഡിയൻ നഗരമായ ടൊറന്റോ തുടങ്ങിയ നിഷ്പക്ഷ വേദികളിൽ മാത്രമായിരുന്നു.

പിന്നീട് 1999-ൽ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചരിത്രപരമായ പാകിസ്താൻ സന്ദർശനത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വീണ്ടും സൗഹാർദപരമാകുന്നത്. വാജ്പേയിയുടെ സന്ദർശനത്തിനു തൊട്ടുപിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ പര്യടനത്തിനെത്തി. എന്നാൽ ആ വർഷം അവസാനം നടന്ന കാർഗിൽ യുദ്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കിയതോടെ ക്രിക്കറ്റ് മത്സരങ്ങൾ വീണ്ടും പടിക്ക് പുറത്തായി. പിന്നീട് 2003-ൽ വാജ്പേയി മുൻകൈയെടുത്ത സമാധാന നീക്കത്തിനു പിന്നാലെയാണ് നീണ്ട 15 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ ടീം പാകിസ്താനിൽ പര്യടനം നടത്തിയത്. 2005, 2006 വർഷങ്ങളിലും പര്യടനങ്ങൾ നടന്നു. എന്നാൽ 2008-ലെ മുംബൈ ഭീകരാക്രമണം കാര്യങ്ങൾ വീണ്ടും വഷളാക്കി. അതിനു ശേഷം ഐസിസി വേദികളിൽ മാത്രമാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നത്. ഇക്കാരണങ്ങളാൽ തന്നെയാണ് ലോക വേദികളിലെ ഇന്ത്യ – പാകിസ്താൻ പോരാട്ടങ്ങൾക്ക് യുദ്ധസമാനമായ ഒരു പ്രതീതി കൈവരുന്നത്.

ഇതുവരെ ഏകദിന ലോകകപ്പിൽ ഏഴു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഒരു തവണ പോലും ഇന്ത്യയെ തോൽപ്പിക്കാൻ പാക് ടീമിന് സാധിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷം നടന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ 10 വിക്കറ്റിന് തകർത്ത പാകിസ്താൻ, ഒരു ലോക വേദിയിൽ ഇന്ത്യൻ ടീമിനെതിരായ ആദ്യ ജയമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു ഇന്ത്യ – പാക് പോരാട്ടത്തിന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ കളമൊരുങ്ങുമ്പോൾ ബൗളിങ് വിഭാഗത്തിൽ ഇരുവരും പ്രതിസന്ധി നേരിടുകയാണ്. പരിക്ക് കാരണം ഇന്ത്യയുടെ ജസ്പ്രീത് ബുംറയും പാകിസ്താന്റെ ഷഹീൻ അഫ്രീദിയും ഏഷ്യാ കപ്പിനില്ല. ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചാഹൽ, ആർ. അശ്വിൻ എന്നിവർക്കൊപ്പം ആവേശ് ഖാൻ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ് എന്നിവരടങ്ങിയതാണ് ഇന്ത്യൻ ബൗളിങ് നിര.

ഹസൻ അലി, മുഹമ്മദ് നവാസ്, ഷഹ്നവാസ് ദഹാനി, നസീം ഷാ, ഹാരിസ് റൗഫ്, ഉസ്മാൻ ഖാദിർ, മുഹമ്മദ് ഹസ്നൈൻ എന്നിവരടങ്ങിയ പാകിസ്താൻ ബൗളിങ് നിരയെ എഴുതി തള്ളാനാവില്ല. ബൗളിങ്ങിൽ പ്രധാന താരങ്ങളുടെ അഭാവം ഇരു ടീമിലും ഉള്ളതിനാൽ തന്നെ ബാറ്റിങ് കരുത്ത് തന്നെയാകും മത്സരത്തിന്റെ ഗതി നിർണയിക്കുക.

രോഹിത് ശർമയും കെ.എൽ രാഹുലും ഓപ്പൺ ചെയ്യുന്ന ബാറ്റിങ് ലൈനപ്പിൽ പിന്നീട് വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരെത്തും. 2018 ഏഷ്യാ കപ്പിൽ പാകിസ്താൻ ടീമിനെതിരേ പരിക്കേറ്റ് മടങ്ങി, നീണ്ട ഇടവേളയ്ക്കു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ഹാർദിക് തകർപ്പൻ ഫോമിലാണ്. ബൗളിങ്ങിൽ ഭുവനേശ്വറിന് ഉറച്ച പിന്തുണ നൽകാനും താരത്തിന് സാധിക്കുമെന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. അടുത്ത കാലത്തായി ബാറ്റിങ്ങിൽ തിളങ്ങാൻ സാധിക്കാത്ത വിരാട് കോലിയിൽ തന്നെയാകും ഇത്തവണയും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ മുഴുവൻ. ഏഷ്യാ കപ്പിൽ കൂടി പരാജയപ്പെട്ടാൽ ഈ വർഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ താരത്തിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടും. മാത്രമല്ല കോലിയുടെ അഭാവത്തിൽ വൺഡൗൺ സ്ഥാനത്തടക്കം തിളങ്ങിയ ദീപക് ഹൂഡ ശക്തമായ വെല്ലുവിളി ഉയർത്തുന്നുമുണ്ട്. ഫിനിഷർ എന്ന നിലയിൽ ടീമിലെടുത്ത ദിനേഷ് കാർത്തിക്കിലോ അതോ മികച്ച ഫോമിലുള്ള ഹൂഡയിലോ ടീം മാനേജ്മെന്റ് വിശ്വാസമർപ്പിക്കുക എന്നത് കാത്തിരുന്ന് കാണണം. സൂര്യകുമാർ യാദവിന്റെ ടീമിലെ സ്ഥാനം ആരാലും ചോദ്യം ചെയ്യപ്പെടുകയില്ല.

മറുവശത്ത് ക്യാപ്റ്റൻ ബാബർ അസം – മുഹമ്മദ് റിസ്വാൻ എന്നിവർ തുടക്കമിടുന്ന പാകിസ്താൻ ബാറ്റിങ് നിര പ്രത്യേകിച്ചും യുഎഇയിലെ സാഹചര്യത്തിൽ കൂടുതൽ കരുത്താർജിക്കും. പാക് ടീമിന് സ്വന്തം നാട്ടിൽ കളിക്കുന്ന തരത്തിലുള്ള ആനുകൂല്യമാണ് ദുബായിൽ ലഭിക്കുക. പാക് ബാറ്റർമാർ ഉയർത്തുന്ന വെല്ലുവിളിക്കൊപ്പം ഈ സാഹചര്യവും ഇന്ത്യയ്ക്ക് മറികടക്കേണ്ടതായിട്ടുണ്ട്. ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ തുടങ്ങിയ ഓൾറൗണ്ടർമാരും പാക് ടീമിന് കരുത്ത് പകരുന്നു.

എന്നിരുന്നാലും കഴിഞ്ഞ വർഷം ഇതേ വേദിയിൽ ട്വന്റി 20 ലോകകപ്പിൽ പാകിസ്താനോടേറ്റ പരാജയത്തിന് പകരംവീട്ടാനുറച്ച് തന്നെയാകും ഞായറാഴ്ച ഇന്ത്യൻ ടീം കളത്തിലിറങ്ങുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!