ചക്ക ഇനി കാസർകോടിന്റെ സ്വന്തം
കാസർകോട്: കാസർകോടിന്റെ താരമായി ഇനി ചക്ക. കേന്ദ്ര സർക്കാറിന്റെ ഒരു ജില്ല ഒരു ഉൽപന്നം പദ്ധതിയിൽ ജില്ലയുടെ ഉൽപന്നമായി ചക്കയെ അംഗീകരിച്ചു. നേരത്തേ കല്ലുമ്മക്കായയായിരുന്നു ജില്ലക്ക് അനുവദിച്ചിരുന്നത്.
എന്നാൽ, ജില്ലയുടെ വളരെ ചെറിയ പ്രദേശത്തു മാത്രം കണ്ടുവരുന്ന കല്ലുമ്മക്കായയെക്കാൾ ചക്കക്ക് കൂടുതൽ വരുമാന സാധ്യതയുണ്ട്. ജില്ല വ്യവസായ കേന്ദ്രം സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനമായത്.
ഓരോ ജില്ലയിലും ഒരു ഉൽപന്നത്തെ കണ്ടെത്തി അവയെ കൂടുതൽ വിപുലപ്പെടുത്തി അതിൽനിന്നും കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് ഈ പദ്ധതി. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി തദ്ദേശ സ്ഥാപങ്ങളിൽ പ്ലാവ് കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചുവരുകയാണ്. സംസ്കരണത്തിലൂടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന സംരംഭങ്ങൾക്കായി കേന്ദ്ര സർക്കാറിന്റെ വിവിധ പദ്ധതികളുണ്ട്. കാസർകോടിന്റെ ഉൽപന്നം ചക്കയാകുന്നതിലൂടെ ഈ മേഖലയിൽ ധാരാളം സാധ്യതകളുണ്ട്. പച്ച ചക്കയിൽനിന്നും ചക്കപ്പഴത്തിൽനിന്നുമായി ചക്ക പൗഡർ, ചക്ക ഐസ് ക്രീം, ചക്ക ചിപ്സ്, ചക്ക ജാം, വിവിധ മരുന്നുകൾ തുടങ്ങി നിരവധി മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും.
ഏറ്റവും കൂടുതൽ പാഴായിപോകുന്ന ചക്കയിൽനിന്ന് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്ത് കുമാർ പറഞ്ഞു.