പെർവാഡ് വീണ്ടും എൽഡിഎഫിന്;യുഡിഎഫ് രണ്ടിൽ തന്നെ, ബിജെപിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി എസ്ഡിപിഐ നില മെച്ചപ്പെടുത്തി
കുമ്പള : തീപാറും പോരാട്ടം നടന്ന കുമ്പള ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡ് പെർവാഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തകർപ്പൻ ജയം. 75 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ വോട്ടെടുപ്പിൽ ഒരു പോസ്റ്റൽ വോട്ട് ഉൾപ്പെടെ 1375 പേർ വോട്ട് ചെയ്തു. ഇതിൽ675 വോട്ട് നേടിയാണ് എൽഡിഎഫ് വാർഡ് നിലനിർത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെകാൾ 80 വോട്ടിന്റെ വർദ്ധനവ്. യുഡിഎഫ്ന് 483 വോട്ടും, ബിജെപിക്ക്63 വോട്ടും, എസ്‌ഡിപിഐക്ക്141 വോട്ടും ലഭിച്ചു.172 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ എസ് അനിൽകുമാർ വിജയിച്ചത്. വാർഡ് സിപിഎമ്മിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള പതിനെട്ടടവും പയറ്റിയ യുഡിഎഫിന് കഴിഞ്ഞവർഷത്തേക്കാൾ വോട്ടിൽ കുറവുണ്ടായി എന്നത് പാർട്ടിയിൽ ചർച്ച ചെയ്യപ്പെടും.
ബിഎംഎസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ജയിൽശിക്ഷ ലഭിച്ചതിനെ തുടർന്ന് സിപിഎം പ്രവർത്തകൻ കൊഗ്ഗുവി ന് പഞ്ചായത്ത് അംഗത്വം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വണ്ടി വന്നത്. സിപിഎം- ബിജെപി രഹസ്യധാരണ ചർച്ചാ വിഷയമാക്കിയ യുഡിഎഫിനെതിരെ ബിജെപി തന്നെ കരുക്കൾ നീക്കി എൽഡിഎഫിന് വോട്ടു മറിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ പ്രാവശ്യം 175 ഓളം വോട്ടുകൾ നേടിയ ബിജെപി ഇപ്രാവശ്യം 63 വോട്ടുകൾ മാത്രമാണ് നേടിയത്. ഇത് വരുംദിവസങ്ങളിൽ ബിജെപി പാർട്ടിക്കുള്ളിലും ചർച്ച ചെയ്യപ്പെടും.
അതേസമയം 56വോട്ടുകൾ ഉണ്ടായിരുന്ന എസ്ഡിപിഐ നില മെച്ചപ്പെടുത്തി 141ലധികം വോട്ടാക്കി മാറ്റി.ഇത് യുഡിഎഫിന് തിരിച്ചടിയായി.
ഇതോടെ കുമ്പള ഗ്രാമ പഞ്ചായത്തിൽ ഒരു സ്വതന്ത്ര അടക്കം സിപിഎമ്മിന് 3 അംഗങ്ങളായി. ബിജെപിക്ക് ഒമ്പതും, യുഡിഎഫിന് ഒരു സ്വതന്ത്ര അടക്കം 10 അംഗങ്ങളാണുള്ളത്. എസ്ഡിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ബിജെപിക്കും, സിപിഎമ്മിനും കൂടി കുമ്പള ഗ്രാമ പഞ്ചായത്തിൽ 12 അംഗങ്ങൾ ആയതോടെ ഭരണപക്ഷത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ട അവസ്ഥയിലാണ്.എസ് ഡിപിഐ പിന്തുണച്ചാലും യുഡിഎഫിന് 11 അംഗങ്ങളാണുള്ളത് വരുംദിവസങ്ങളിൽ ഭരണമുന്നണിയായ യുഡിഎഫിന് ഇതിന്റെ പ്രത്യാഘാതം ഉണ്ടായേക്കാം എന്നാണ് തെരഞ്ഞെടുപ്പുഫലം വിലയിരുത്തപ്പെടുന്നത്.