ബജ്‌റംഗ്ദള്‍ ആക്രമണം; മൊഗ്രാൽ പുത്തൂർ സ്വദേശി സുള്ള്യയില്‍ കൊല്ലപ്പെട്ടു
സുള്ള്യ: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാസര്‍കോട് മൊഗ്രാൽ പുത്തൂർ സ്വദേശി കര്‍ണാടകയിലെ സുള്ള്യയില്‍ കൊല്ലപ്പെട്ടു. മുഹമ്മദ് മസൂദ് (19) ആണ് മരിച്ചത്.
നിസാര കാര്യത്തിന്റെ പേരില്‍ പരിചയക്കാര്‍ തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച സംഘം യുവാവിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മാരകമായി ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പോലിസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയായ മുഹമ്മദ് മസൂദ് ഒരുമാസം മുമ്പ് കര്‍ണാടക സുള്ള്യയിലെ കളഞ്ജ വില്ലേജിലുള്ള മുത്തച്ഛന്‍ അബ്ബു മുക്രിയുടെ വീട്ടില്‍ കൂലിപ്പണിക്ക് എത്തിയതായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സുധീറും മസൂദും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ വിഷയം ഉന്നയിച്ച്, ചര്‍ച്ചയിലൂടെ കേസ് അവസാനിപ്പിക്കാമെന്ന് പറഞ്ഞ് രാത്രിയില്‍ അക്രമികള്‍ മസൂദിനെ വിളിച്ചുവരുത്തി മാരകമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മസൂദിനെ മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.