അഞ്ച് വയസുകാരനെ ബോധം പോകുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകൻ;ഒടുവിൽ അധ്യാപകനെ എടുത്തിട്ട് പെരുമാറി നാട്ടുകാർ
പാട്ന: അഞ്ച് വയസുകാരനെ ബോധം കെടുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകൻ.ബീഹാറിലെ ട്യൂഷൻ സെന്ററിലെ അധ്യാപകനാണ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്. ബീഹാർ പട്നയിലെ ധനറുവ ബ്ലോക്കിലെ ജയ കോച്ചിങ് സെന്ററിലാണ് സംഭവം. ഛോട്ടു എന്ന അധ്യാപകനാണ് കുട്ടിയോട് ക്രൂരത ചെയ്തത്.
ആദ്യം വടി കൊണ്ടാണ് ഇയാൾ വിദ്യാർഥിയെ തല്ലിയത്. വേദന കൊണ്ട് പുളഞ്ഞ വിദ്യാർഥി ഉച്ചത്തിൽ കരഞ്ഞെങ്കിലും ഇയാൾ അടി നിർത്താൻ തയാറായില്ല. ഒടുവിൽ വടി ഒടിഞ്ഞു. ഇതോടെ കുട്ടിയെ കൈ കൊണ്ട് തല്ലുകയും ഇടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു.
മർദനമേറ്റ് അവശനായ കുട്ടി തറയിൽ വീണു.ഒടുവിൽ കുട്ടി അബോധാവസ്ഥയിലായി. സംഭവമറിഞ്ഞെത്തിയ പ്രദേശവാസികളാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇവർ അധ്യാപകനെ എടുത്തിട്ട് പെരുമാറി. എന്നാൽ മർദകനായ അധ്യാപകനെ ന്യായീകരിക്കുകയാണ് കോച്ചിങ് സെന്റർ ഉടമ ചെയ്തത്. ബിപി കൂടിയതു കൊണ്ടാണ് ഛോട്ടു ഇങ്ങനെ ചെയ്തത് എന്നായിരുന്നു ഇയാളുടെ വാദം.