മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: ബിജെപി നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം ഇന്ന്
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ പട്ടികജാതിവിഭാഗക്കാരനായ ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി നാമനിർദേശപത്രിക പിൻവലിപ്പിച്ച കേസിൽ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. വി ബാലകൃഷ്ണഷെട്ടിയുടെ മുൻകൂർജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഇന്ന്
കൂടുതൽ രേഖ ഹാജരാക്കേണ്ടതുണ്ടെന്ന പ്രതിഭാഗം അപേക്ഷയിലാണ് കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ തീരുമാനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസിലെ അഞ്ചാംപ്രതിയാണ് ബാലകൃഷ്ണഷെട്ടി. തെരഞ്ഞെടുപ്പിൽ സുരേന്ദ്രന്റെ ചീഫ് ഏജന്റായിരുന്നു.
സുന്ദരയെ, കെ സുരേന്ദ്രൻ താമസിച്ചിരുന്ന കാസർകോട് താളിപ്പടുപ്പിലെ ഹോട്ടൽമുറിയിലെത്തിച്ച് പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ ഭീഷണിപ്പെടുത്തി ഒപ്പിടുവിക്കുകയും കലക്ടറേറ്റിൽ കൊണ്ടുപോയി പിൻവലിപ്പിക്കുകയും ചെയ്തത് ബാലകൃഷ്ണഷെട്ടിയുടെ നേതൃത്വത്തിലാണെന്നാണ് കേസ്. പട്ടികജാതി–-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. കേസിൽ കുറ്റപത്രം നൽകാനിരിക്കെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.