ഐപിഎൽ; രാജസ്ഥാന് രാജകീയ ജയം; ബാംഗ്ലൂരിനെതിരെ ആറാടി ജോസ് ബട്ലർ
അഹമ്മദാബാദ് ∙ ഓറഞ്ച് ക്യാപ് ജേതാവ് ജോസ് ബട്‍ലർ വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി സെഞ്ചറിയടിച്ച് (106 നോട്ടൗട്ട്) കരുത്ത് കാട്ടിയപ്പോൾ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കണ്ണീരണിയിച്ച് രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനലിൽ പ്രവേശിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ് ആർസിബിയെ 7 വിക്കറ്റിന് തോൽപ്പിച്ചു.
സ്‌കോർ: ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ്: 20 ഓവറിൽ 8 വിക്കറ്റിന് 157 റൺസ്; രാജസ്ഥാൻ റോയൽസ് 18.1 ഓവറിൽ 3 വിക്കറ്റിന് 161 റൺസ്.
58 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഓപ്പണർമാരായ യശസ്വി ജെയ്‌സ്വാളും ജോസ് ബട്‍ലറും ഉജ്ജ്വല തുടക്കമാണ് നൽകിയത്. 27 പന്തിൽ അർധസെഞ്ചറി കൂട്ടുകെട്ട് തികച്ചു. രണ്ടാം ഓവർ ചെയ്യാനെത്തിയ ജോഷ് ഹെയ്സൽവുഡ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. കൂറ്റനാടിക്ക് ശ്രമിച്ച യശസ്വി ജയ്സ്വാൾ (21) പുറത്ത്. മറുവശത്ത് ബട്‍ലർ ബാംഗ്ലൂർ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 23 പന്തിൽ അർധസെഞ്ചറി പൂർത്തിയാക്കി. മൂന്നാമതെത്തിയ സഞ്ജു സാംസണും മികച്ച രീതിയിൽ തുടങ്ങി. സാംസണും ബട്‍ലറും ചേർന്ന് രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വാനിന്ദു ഹസരങ്കയ്ക്ക് വീണ്ടും വിക്കറ്റ് സമ്മാനിച്ച് രാജസ്ഥാൻ നായകൻ മടങ്ങി. എന്നാൽ മത്സരത്തിലേക്ക് തിരികെയെത്താൻ കിണഞ്ഞു ശ്രമിച്ച ആർസിബിയെ നിഷ്പ്രഭമാക്കി ബട്‍ലർ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 157 റൺസെടുത്തത്. 58 റൺസെടുത്ത കഴിഞ്ഞ മത്സരത്തിലെ സെഞ്ചറിവീരൻ രജത് പട്ടീദാറാണ് വീണ്ടും ബാംഗ്ലൂർ നിരയിൽ തിളങ്ങിയത്.
കഴിഞ്ഞ മത്സരത്തിലെ നിരാശ പാടെ മായ്ച്ച പ്രകടനവുമായി പ്രസിദ്ധ് കൃഷ്‌ണ (3/22) രാജസ്ഥാൻ നിരയിൽ കയ്യടി നേടി. മൂന്നു വിക്കറ്റോടെ ഒബദ് മക്കോയ്‌യും രാജസ്ഥാൻ നിരയിൽ മിന്നി. ഓപ്പണർ വിരാട് കോലിയെ (7) മത്സരത്തിന്റെ രണ്ടാം ഓവറിൽ ആർസിബിക്ക് നഷ്ടമായി. പിന്നീട് ഒത്തുചേർന്ന രജത് പട്ടീദാറും ഫാഫ് ഡുപ്ലേസിയും ചേർന്ന് ബാംഗ്ലൂരിനെ മുന്നോട്ട് നയിച്ചു. മത്സരത്തിന്റെ ആറാം ഓവറിൽ പട്ടീദാറിന്റെ ക്യാച്ച് രാജസ്ഥാൻ താരം റിയാൻ പരാഗ് കൈവിട്ടത് രാജസ്ഥാന് തിരിച്ചടിയായി. ഇതിനിടെ മധ്യഓവറുകളിൽ റൺ നേടാനുള്ള ശ്രമത്തിൽ ബാംഗ്ലൂരിന് ഫാഫിനെ നഷ്ടപ്പെട്ടു (25).
എന്നാൽ കഴിഞ്ഞ മത്സരത്തിന് സമാനമായി ആർസിബി ബാറ്റിങ്ങ് ഉത്തരവാദിത്തം പട്ടീദാർ ഭംഗിയായി ഏറ്റെടുത്തു. തുടർന്നെത്തിയ ഗ്ലെൻ മാക്‌സ്‌വെൽ പന്തുകൾ പാഴാക്കാതെ ആഞ്ഞുവീശാനാണ് ശ്രമിച്ചത്. രണ്ടു സിക്‌സറുകൾ പായിച്ചു ആർസിബി പ്രതീക്ഷകൾ ഉയർത്തിയ മാക്‌സ്‌വെലിന് പക്ഷേ വലിയ സ്‌കോർ (24) നേടാനായില്ല. അവസാന ഓവർ എറിയാൻ ട്രെന്റ് ബോൾട്ടിനെ നേരത്തെ പരീക്ഷിച്ച രാജസ്ഥാൻ തീരുമാനമാണ് മാക്സ്‌വെലിന്റെ വിക്കറ്റിൽ കലാശിച്ചത്.
ഇതിനിടെ അർധസെഞ്ചറി പൂർത്തിയാക്കിയ പട്ടീദാർ വലിയ സ്കോറിലേക്ക് നീങ്ങുന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും അശ്വിന്റെ പന്തിൽ ജോസ് ബട്‍ലറിന്റെ തകർപ്പൻ ക്യാച്ചിൽ പുറത്തായി. തുടർന്നെത്തിയ ദിനേശ് കാർത്തിക്കിനും (6) വലിയ സ്‌കോർ കണ്ടെത്താനായില്ല. അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടരെ നഷ്ടമായത് ആർസിബി സ്കോറിങ്ങിനെ ബാധിച്ചു.