പൊലീസില്ല,കാസറഗോഡ് ഓട്ടോ ചാർജ് തോന്നുംപോലെ; രാവിലെ 45 രൂപ, വൈകിട്ട് 85
കാസർകോട് : റെയിൽവേ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ കൗണ്ടറിൽ പൊലീസുകാർ സ്ഥിരമായി ഇല്ലാത്തതു യാത്രക്കാർക്കു ദുരിതമാകുന്നു. ജില്ലയിലെ തിരക്കേറിയ കാസർകോട് റെയിൽവേ സ്റ്റേഷനിൽ ദിവസേന ആയിരക്കണക്കിനാളുകളാണു എത്തുന്നത്. എന്നാൽ പ്രീ–പ്രെയ്ഡ് സ്റ്റാൻഡിൽ പൊലീസുകാർ ഡ്യൂട്ടിക്കു ഇല്ലാത്തതിനാൽ ചില റിക്ഷ ഡ്രൈവർമാർ അമിത വാടക ഈടാക്കുന്നതായും ചെറിയ ദൂരം പോകാൻ തയാറാവുന്നില്ലെന്നാണു യാത്രക്കാരുടെ പരാതി.
മുൻകാലങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ പ്രീ –പെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ കൗണ്ടറിൽ 2 പൊലീസുകാർ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പലപ്പോഴായി പൊലീസുകാർ ഇല്ലെന്നും കൗണ്ടർ തുറക്കാറില്ലെന്നാണു യാത്രക്കാരുടെ പരാതി. ഇതര ജില്ലകൾ–സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരടക്കമുള്ള യാത്രക്കാരോടു ചില റിക്ഷ ഡ്രൈവർ ഇരട്ടിയോളം വാടക ഈടാക്കുന്നുവെന്നാണു ആക്ഷേപം. ഇതു ചില സമയങ്ങളിൽ യാത്രക്കാരും ഡ്രൈവർമാരും തമ്മിലുള്ള തർക്കത്തിനിടയാക്കുന്നു.
റെയിൽവേ സ്റ്റേഷനിൽ നിന്നു കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കു പോലും അധിക തുക വാങ്ങുന്ന ചില ഡ്രൈവർമാരുണ്ട്. നേരത്തെ പ്രീ–പെയ്ഡ് കൗണ്ടറിൽ ഒരു രൂപ അടച്ച് രസീത് വാങ്ങിയാൽ സ്റ്റാൻഡിലെ ക്യൂവിലുള്ള ഓട്ടോയിൽ ടോക്കൺ അടിസ്ഥാനത്തിൽ കയറിയാൽ യഥാസ്ഥാനത്തേക്കു നിശ്ചിത വാടക നിരക്കിൽ പോകാമായിരുന്നു.
എന്നാൽ ഇപ്പോൾ സ്റ്റേഷനിൽ നിന്നു ചെറിയ ദൂരത്തേക്കുള്ള ഓട്ടം ആണെങ്കിൽ ഡ്രൈവർമാരിൽ പലരും പോകാൻ മടിക്കുന്നു. അതിനാൽ ചെറിയ ദൂരത്തേക്കുള്ള യാത്രക്കാർ സ്റ്റേഷന്റെ പുറത്തെത്തി മറ്റു വാഹനങ്ങളെ ആശ്രയിക്കുകയാണ്. രാത്രി 8 മണിക്കു ശേഷമുള്ള ട്രെയിനിൽ എത്തുന്ന യാത്രക്കാരോടു ഇരട്ടിയിലേറെ വാടക വാങ്ങുന്ന ഡ്രൈവർമാരുണ്ട്.
പൊലീസ് അറിഞ്ഞില്ലേ…
കോവിഡ് നിയന്ത്രണമായതോടെ ട്രെയിനുകളുടെ പോക്കുവരവു കുറഞ്ഞതോടെയാണു പ്രീ–പെയ്ഡ് സ്റ്റാൻഡിൽ പൊലീസുകാരെ നിയമിക്കാത്തതിരുന്നത്. എന്നാൽ ഇപ്പോൾ മുഴുവൻ ട്രെയിനുകളും സർവീസ് തുടങ്ങിയതോടെയാണു സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ ഏറെയാണ്.
ഡ്രൈവർമാർ പറയുന്നു
സ്റ്റേഷനിലെ സ്റ്റാൻഡിൽ സ്ഥിരമായി ഓടാത്തവരാണു അമിത വാടക ഈടാക്കുന്നതെന്നും ഇവർക്കെതിരെ പൊലീസിൽ പരാതി നൽകണമെന്നും സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ പറഞ്ഞു. പ്രീ–പെയ്ഡ് കൗണ്ടറിൽ പൊലീസുകാരെ നിയമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
യാത്രക്കാരി പറയുന്നത് കേൾക്കൂ…
മകളോടൊപ്പം മംഗളൂരുവിലെ ആശുപത്രിയിൽ ഡോക്ടറെ കണ്ട് ട്രെയിനിൽ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ നിന്നു ബന്തടുക്ക ഭാഗത്തേക്കുള്ള ബസിൽ കയറാൻ പുതിയ ബസ് സ്റ്റാൻഡിലേക്ക് ഓട്ടോറിക്ഷയിലാണു പോയത്. വാടകയായി വാങ്ങിയത് 85 രൂപ.
രാവിലെ സ്റ്റേഷനിലേക്കു ഇതേ സ്ഥലത്ത് നിന്നു പോയ ഓട്ടോക്കാരൻ വാടക വാങ്ങിയത് 45 രൂപയാണെന്നു പറഞ്ഞപ്പോൾ അതു രാവിലെയല്ലെ. വൈകിട്ട് ഇത്രയാണു വാടക എന്നാണു ഡ്രൈവർ പറഞ്ഞത്. അമിത വാടക ഈടാക്കുന്നവർക്കെതിരെ കർശന നടപടി വേണം. -കെ.തങ്കമണി, കുണ്ടംകുഴി.