പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ എല്‍.ഡി.എഫ് ഏരിയാ തലങ്ങളില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.
ജില്ലയില്‍ 12 കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉണ്ടായിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപ്പള, കുമ്പള ഹെഡ് പോസ്റ്റ് ഓഫീസുകള്‍ക്ക് മുന്നിലായിരുന്നു പ്രതിഷേധം.
കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി പേര്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന പൊതുയോഗം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു. സി.പി.എം കാസര്‍കോട് ഏരിയാ സെക്രട്ടറി മുഹമ്മദ് ഹനീഫ സ്വാഗതംപറഞ്ഞു. എം. സുമതി, ടി. കൃഷ്ണന്‍, സി.എം.എ ജലീല്‍, ഉദിനൂര്‍ സുകുമാരന്‍, ടി.എം.എ കരീം, മുസ്തഫ തോരവളപ്പില്‍, രവീന്ദ്രന്‍ നേതൃത്വം നല്‍കി.