ഇല്ല, ഉടനെയൊന്നും മാറ്റില്ല;മാസ്ക് മലയാളിയുടെ മുഖത്ത് തന്നെയുണ്ടാകും

0 0
Read Time:3 Minute, 12 Second

ഇല്ല, ഉടനെയൊന്നും മാറ്റില്ല;മാസ്ക് മലയാളിയുടെ മുഖത്ത് തന്നെയുണ്ടാകും

തൊടുപുഴ: കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുകയും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങുകയും ചെയ്തെങ്കിലും മാസ്ക് മലയാളിയുടെ മുഖത്ത്തന്നെയുണ്ടാകും. മാസ്കും കൈകഴുകലും സമൂഹഅകലവും തൽക്കാലം ഒഴിവാക്കേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് സർക്കാറിന് നൽകിയ ശിപാർശ. സംസ്ഥാനത്ത് സർവസാധാരണമായ നിരവധി സാംക്രമിക രോഗങ്ങൾ വിജയകരമായി നിയന്ത്രിച്ചുനിർത്താൻ മാസ്ക് സഹായിച്ചെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ താഴ്ന്നതോടെ മാസ്ക് ഒഴിവാക്കുന്നത് സംബന്ധിച്ച് ആരോഗ്യവിദഗ്ധരോട് സർക്കാർ അഭിപ്രായം തേടിയിരുന്നു. എന്നാൽ, മാസ്കും കൈകഴുകലും സമൂഹഅകലവും പോലുള്ള നിയന്ത്രണങ്ങൾ തുടരണമെന്നായിരുന്നു ശിപാർശ. നിലവിൽ കോവിഡ് കേസുകൾ ആയിരത്തിന് മുകളിൽ തുടരുന്നതും പകർച്ചപ്പനിയും ക്ഷയവും പോലുള്ള സാംക്രമിക രോഗങ്ങൾ തടയാൻ മാസ്ക് സഹായിക്കുന്നുവെന്നതുമാണ് നിയന്ത്രണം തുടരണമെന്ന നിലപാടിൽ എത്താൻ കാരണം. മാസ്ക് ധരിക്കാത്തവരെ പിടികൂടി പൊലീസ് പിഴ ഈടാക്കുന്നതുപോലുള്ള കർശന നടപടി ഇപ്പോൾ ഇല്ലെങ്കിലും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് മിക്കവരുടെയും ശീലമായി. ഇത് എല്ലാവിധ രോഗങ്ങളുടെയും പ്രതിരോധത്തിന് സഹായിക്കുന്നതായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. മാസ്ക് നിർബന്ധമാക്കിയതോടെ പുകവലി കുറഞ്ഞതായും കണ്ടെത്തി.
നിലവിൽ കോവിഡ് ബാധിതർ കുറവാണെങ്കിലും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും യാത്ര ചെയുന്നവരുടെയും എണ്ണം കേരളത്തിൽ കൂടുതലായതിനാൽ ഏതു സമയത്തും കൂടുതൽ പേർക്ക് രോഗം പിടിപെടാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. അടുത്ത അധ്യയനവർഷത്തിലും കുട്ടികൾ മാസ്ക്വെച്ചുതന്നെ സ്കൂളിൽ പോകേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. അവസാന കേസ് റിപ്പോർട്ട് ചെയ്യുന്ന അന്ന് മുതൽ നിശ്ചിത കാലത്തേക്ക് ഒരാൾക്കുപോലും രോഗം പിടിപെടാതിരുന്നാൽ മാത്രമേ സംസ്ഥാനത്തെ കോവിഡ് മുക്തമായി പ്രഖ്യാപിക്കൂ. അതുവരെ ചില നിയന്ത്രണങ്ങൾ തുടരും. 

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!