ഹിജാബ് ധരിച്ച് ആരും കോളേജിൽ വരേണ്ടെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി; സിക്കുകാരോട് പറയാൻ ധൈര്യമുണ്ടോ എന്ന് കോൺഗ്രസ്,നെറ്റിയിലെ പൊട്ടും കുരിശുമാലയും നിരോധിക്കുമോ എന്ന് ഒമർ അബ്ദുല്ല
ഡല്‍ഹി: സ്‌കൂളുകളില്‍ കുട്ടികള്‍ ഹിജാബ് ധരിക്കരുതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര.
ഇക്കാര്യത്തില്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതസംഘടനകളെ നിരീക്ഷിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മതം ആചരിക്കാന്‍ ആരും സ്‌കൂളില്‍ വരരുത്. ജ്ഞാനേന്ദ്ര പറഞ്ഞു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി കോളജില്‍ ചില വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
സിഖ് തലപ്പാവിനെതിരെയും സമാനമായ നടപടിയെടുക്കാൻ ഏതെങ്കിലും സ്ഥാപനം ധൈര്യം കാണിക്കുമോ?- കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ കാർത്തി പി ചിദംബരം
കർണാടകയിലെ ഉഡുപ്പിയിലെ സർക്കാർ കോളേജുകളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തിൽ വ്യാപക വിമർശനം. കോൺഗ്രസ് നേതാക്കളും പാർലമെന്റ് അംഗങ്ങളുമായ ശശി തരൂർ, കാർത്തി പി. ചിദംബരം, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല തുടങ്ങിയവരെല്ലാം കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
എല്ലാവർക്കും ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ കരുത്തെന്ന് തരൂർ ട്വീറ്റ് ചെയ്തു. ഹിജാബ് അനുവദിക്കാനാകില്ലെങ്കിൽ സിഖ് തലപ്പാവിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഹിന്ദുക്കളുടെ നെറ്റിയിലെ പൊട്ടിനെക്കുറിച്ചും ക്രിസ്ത്യാനികളുടെ കുരിശിനെക്കുറിച്ചുമെല്ലാം എന്താണ് അഭിപ്രായം? കുട്ടികളെ കോളേജിൽ പ്രവേശിക്കാൻ അനുവദിക്കണം. അവരെ പഠിക്കാനും സ്വന്തമായി തീരുമാനമെടുക്കാനും അനുവദിക്കണമെന്നും വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ തടയുന്ന വിഡിയോ പങ്കുവച്ച് തരൂർ ട്വീറ്റ് ചെയ്തു.
https://youtu.be/TmyUyeWt27g
വ്യക്തികൾക്ക് ഇഷ്ടമുള്ളത് ഉടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരാളുടെ തിരഞ്ഞെടുപ്പിനെ നിങ്ങൾക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും നമ്മൾക്കെല്ലാവർക്കുമുള്ള അവകാശമാണതെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല പ്രതികരിച്ചു. ഈ പൊതുപ്രതിനിധികൾക്ക് കാവിവസ്ത്രമുടുക്കാമെങ്കിൽ ഈ കുട്ടികൾക്ക് ഹിജാബും ധരിക്കാൻ പറ്റും. മുസ്‍ലിംകൾ രണ്ടാംകിട പൗരന്മാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.