സൗദി വീണ്ടും നിയന്ത്രണം ശക്തമാക്കുന്നു; മുഴുവൻ സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിബന്ധന
ജിദ്ദ : കൊറോണ വക ഭേദങ്ങളുടെ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നേരത്തെ അനുവദിച്ചിരുന്ന ഇളവുകൾ ഒഴിവാക്കി വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സൗദി അറേബ്യ.
ഇതിൻ്റെ ഭാഗമായി തുറന്ന സ്ഥലങ്ങളിൽ മാസ്ക്കും സാമൂഹിക അകലം പാലിക്കലും വീണ്ടും നിർബന്ധമാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഇന്ന് പുതിയ നിബന്ധന പ്രഖ്യാപിച്ചിരിക്കുകയാണ്.
എല്ലാ സ്ഥലങ്ങളിലും ഇനി മാസ്ക്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിബന്ധനയാണെന്നാണു ആഭ്യന്തര മന്ത്രാലയത്തിൻ്റെ പുതിയ ഉത്തരവിൽ അറിയിച്ചിട്ടുള്ളത്. അതിൽ അടഞ്ഞ സ്ഥലമെന്നോ തുറന്ന സ്ഥലമെന്നോ വിവേചനമുണ്ടാകില്ല.
മുഴുവൻ സ്ഥലങ്ങളിലും ഇനി മാസ്ക്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഡിസംബർ 30 വ്യാഴാഴ്ച പുലർച്ചെ 7 മണി മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചു.
സൗദിയിൽ രണ്ടായിരത്തിനു താഴെയുണ്ടായിരുന്ന കൊറോണ ബാധിതർ കഴിഞ്ഞ ഒരാഴ്ച കൊണ്ട് നാലായിരത്തിനടുത്ത് എത്തിയിട്ടുണ്ട്.
അതോടൊപ്പം രാജ്യത്ത് ഒമിക്രോൺ, ഡെൽറ്റ വക ഭേദങ്ങളും വലിയ തോതിൽ നില നിൽക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു.