ഹെലികോപ്റ്റർ അപകടം; ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു
ഊട്ടി: ഊട്ടി കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയും മിലിട്ടറികാര്യ സമിതിയുടെ സെക്രട്ടറിയുമായ ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വ്യോമസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉച്ചയ്ക്ക് 12.20നാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഹെലികോപ്റ്ററിൽ ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവരടക്കം 14 പേരാണുണ്ടായിരുന്നത്. ഇതിൽ മധുലിക അടക്കം 13 പേർ മരിച്ചതായി നേരത്തെ സ്ഥിരീകരണം വന്നിരുന്നുവെങ്കിലും ബിപിൻ റാവത്തിന്റെ വാർത്തകൾ പുറത്തുവിട്ടിരുന്നില്ല. ഏറ്റവുമൊടുവിലായി ആശങ്കകൾ ശരിവെച്ച് രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവി കൊല്ലപ്പെട്ട കാര്യം വ്യോമസേന സ്ഥിരീകരിക്കുകയായിരുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ വരുൺ സിംഗ് ചികിത്സയിലാണ്.