ഒമിക്രോണ്‍: ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കാസര്‍കോട്- കര്‍ണാടക അതിര്‍ത്തികളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം
കാസര്‍കോട്: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദമായ ‘ഒമിക്രോണ്‍’ ആശങ്കയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്- കര്‍ണാടക അതിര്‍ത്തികളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.
കേരളത്തില്‍നിന്നുള്ള മുഴുവന്‍ യാത്രക്കാരും ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപോര്‍ട്ട് കൈയില്‍ കരുതണമെന്നാണ് നിര്‍ദേശം. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ തിങ്കളാഴ്ച രാവിലെ മുതല്‍ കടത്തിവിടുകയുള്ളൂ. രണ്ട് ഡോസ് വാക്‌സിനെടുത്തവരെ പരിഗണിക്കില്ല.
ദൈനംദിന ആവശ്യത്തിന് പോവുന്നവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പോലും പ്രത്യേക പരിഗണന ഉണ്ടാവില്ല. ആശുപത്രി ആവശ്യങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോവുന്നവര്‍ക്ക് ഇളവ് നല്‍കും. ഇന്ന് രാവിലെ മുതലാണ് കര്‍ണാടകയുടെ നിയന്ത്രണം ആരംഭിക്കുക. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി തലപ്പാടി അതിര്‍ത്തിയില്‍ ഞായറാഴ്ച രാവിലെ മുതല്‍ ബാരക്കുകളും മറ്റും പുനസ്ഥാപിച്ചുകഴിഞ്ഞു. നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ രണ്ടുമാസം മുമ്ബാണ് പിന്‍വലിച്ചിരുന്നത്. ഇവിടെനിന്നും പിന്‍വലിച്ചിരുന്ന പോലിസ് പോസ്റ്റും ഇപ്പോള്‍ പുനസ്ഥാപിച്ചിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ തിങ്കളാഴ്ച തലപ്പാടി അതിര്‍ത്തിയില്‍ നിയമിച്ച് ഉത്തരവും ഇറക്കി.
ഒരാഴ്ച മുമ്ബ് തുടങ്ങിയ കെഎസ്‌ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസ് തുടരാനാണ് തീരുമാനം. പക്ഷേ, യാത്രക്കാര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉറപ്പുവരുത്തിയ ശേഷമായിരിക്കും യാത്ര തുടരാന്‍ അനുവദിക്കുക. ഞായറാഴ്ച രാവിലെ ഒരുമണിക്കൂര്‍ അതിര്‍ത്തിയില്‍ യാത്രക്കാരെ തടഞ്ഞിരുന്നു. മുന്നറിയിപ്പ് നല്‍കാതെയുള്ള നിയന്ത്രണത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നതോടെ നിയന്ത്രണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനാണ് തീരുമാനമായത്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്ക് കര്‍ണാടകയെ ആശ്രയിച്ചിരുന്ന കാസര്‍കോട്ടുകാര്‍ വീണ്ടും പ്രയാസത്തിലാവും.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരള- കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമായിരുന്നില്ല. ദിനംപ്രതി യാത്ര ചെയ്ത് മംഗളൂരുവില്‍ പോയി തൊഴിലെടുക്കുന്നവരാവും കര്‍ണാടകയുടെ പുതിയ തീരുമാനത്തോടെ കൂടുതല്‍ പ്രയാസത്തിലാവുക. എന്നാല്‍, ഇത് പുതിയ തീരുമാനമല്ലെന്നും നേരത്തെയുള്ള ഉത്തരവ് തന്നെയാണ് ഇപ്പോഴും നടപ്പാക്കുന്നതെന്നുമാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. കര്‍ണാടകയുടെ തീരുമാനം നിരാശാജനകമാണെന്ന് മഞ്ചേശ്വരം എംഎല്‍എ പറഞ്ഞു.
ഒമിക്രോണ്‍: ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കാസര്‍കോട്- കര്‍ണാടക അതിര്‍ത്തികളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം
Read Time:3 Minute, 53 Second