39 പന്തിനുള്ളിൽ വിജയലക്ഷ്യം മറികടന്നു; കൂറ്റൻ വിജയത്തോടെ ഇന്ത്യ നെറ്റ് റൺറേറ്റിൽ മുന്നിൽ
ദുബായ്• പോയിന്റിന്റെ കാര്യത്തിൽ പാക്കിസ്ഥാനും ന്യൂസീലൻഡും അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കു മുന്നിലുണ്ടായിരിക്കാം. പക്ഷേ, നെറ്റ് റൺറേറ്റിൽ ഇവരെയെല്ലാം പിന്തള്ളി ഇന്ത്യ തന്നെ ഒന്നാമത്. ട്വന്റി20 ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തോറ്റതോടെ സെമി പ്രതീക്ഷ നിലനിർത്താൻ കൂറ്റൻ വിജയങ്ങൾ അനിവാര്യമായ ഇന്ത്യ, തുടർച്ചയായ രണ്ടാം മത്സരത്തിലും ആ ലക്ഷ്യം നിറവേറ്റി. ഇത്തവണ സ്കോട്‌ലൻഡിനെ വീഴ്ത്തിയത് എട്ടു വിക്കറ്റിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സ്കോട്‌ലൻഡ് 17.4 ഓവറിൽ 85 റൺസിന് പുറത്തായി. നെറ്റ് റൺറേറ്റിൽ മുന്നിലുണ്ടായിരുന്ന അഫ്ഗാനെ മറികടക്കാൻ 7.1 ഓവറിൽ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്ന ഇന്ത്യ, വെറും 39 പന്തിൽ ലക്ഷ്യത്തിലെത്തി!തകർത്തടിച്ച് ഈ ലോകകപ്പിലെ അതിവേഗ അർധസെഞ്ചുറി കുറിച്ച ഓപ്പണർ കെ.എൽ. രാഹുലാണ് ഇന്ത്യയുടെ ചേസിങ് അനായാസമാക്കിയത്. 19 പന്തിൽ ആറു ഫോറും മൂന്നു പടുകൂറ്റൻ സിക്സറും സഹിതം രാഹുൽ നേടിയത് 50 റൺസ്. 18 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് രാഹുൽ പുറത്തായത്. 16 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 30 റൺസെടുത്ത രോഹിത് ശർമയും ഇന്ത്യയുടെ അതിവേഗ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇരുവരും പുറത്തായെങ്കിലും രണ്ടു പന്തിൽ രണ്ടു റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ വിരാട് കോലിയും രണ്ടു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്ന സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. രാഹുലിനെ മാർക്ക് വാട്ടും രോഹിത്തിനെ ബ്രാഡ്‌ലി വീലും പുറത്താക്കി.നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സ്കോട്‌ലൻഡ് 17.4 ഓവറിലാണ് 85 റൺസെടുത്തത്. 19 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 24 റൺസെടുത്ത ഓപ്പണർ ജോർജ് മുൻസിയാണ് സ്കോട്‌ലൻഡിന്റെ ടോപ് സ്കോറർ. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് സ്കോട്‌ലൻഡിന്റേത്. 2012 ലോകകപ്പിൽ കൊളംബോയിൽ വെറും 80 റൺസിനു പുറത്തായ ഇംഗ്ലണ്ടിന്റെ പേരിലാണ് ഏറ്റവും ചെറിയ സ്കോറിന്റെ നാണക്കേട്. 2014 ലോകകപ്പിൽ മിർപുരിൽ 86 റൺസിനു പുറത്തായ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തായി.ഇന്നത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ നെറ്റ് റൺറേറ്റ് മറികടന്ന് മുന്നിൽക്കയറാൻ ഇന്ത്യയ്ക്ക് കുറഞ്ഞത് 7.1 ഓവറിൽ വിജയലക്ഷ്യം മറികടക്കണം. ന്യൂസീലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കാൻ 8.5 ഓവറിലും വിജയലക്ഷ്യം മറികടക്കണം. നെറ്റ് റൺറേറ്റിൽ +1നു മുകളിൽ നിലനിർത്താൻ കുറഞ്ഞത് 11.2 ഓവറിൽ ജയിക്കണം. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ കൃത്യം വിജയലക്ഷ്യമായ 86 റൺസ് നേടിയാലുള്ള കണക്കാണിത്. അതിലും കൂടുതൽ റൺസ് നേടിയാൽ കണക്കിൽ വ്യത്യാസം വരും.നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ ബോളർമാരിൽ മികച്ചുനിന്നത്. മുഹമ്മദ് ഷമി മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീഴ്ത്തി. സ്കോട്‌ലൻഡ് ബോളർമാരെ ക്രീസിൽ നിർത്തിപ്പൊരിച്ച ജസ്പ്രീത് ബുമ്ര 3.4 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അശ്വിൻ നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യൻ ബോളർമാരിൽ ശരാശരി ആറു റൺസിനു മുകളിൽ റൺസ് വഴങ്ങിയ ഏക ബോളറും അശ്വിൻ തന്നെ.ജോർജ് മുൻസിക്കു പുറമേ സ്കോട്‌ലൻഡ് നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രം. 28 പന്തിൽ 16 റൺസെടുത്ത കല്ലം മക്‌ലിയോദ്, 12 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 21 റൺസെടുത്ത മൈക്കൽ ലീസ്ക്, 13 പന്തിൽ രണ്ടു ഫോറുകളോടെ 14 റൺസെടുത്ത മാർക്ക് വാട്ട് എന്നിവരാണ് രണ്ടക്കം കണ്ടത്.നേരത്തെ, ടോസ് ഭാഗ്യം ജന്മദിനത്തിൽ ഒരിക്കൽക്കൂടി കോലിയെ ‘കനിഞ്ഞനുഗ്രഹിച്ചതോടെയാണ് ഇന്ത്യ സ്കോട്‌ലൻഡിനെ ബാറ്റിങ്ങിന് അയച്ചത്. സെമി സാധ്യത നിലനിർത്താൻ ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് വൻ വിജയം ആവശ്യമാണ്. ഇന്ത്യൻ നിരയിൽ ഒരു മാറ്റമുണ്ട്. ഷാർദുൽ ഠാക്കൂറിന് പകരം മൂന്നാം സ്പിന്നറായി വരുൺ ചക്രവർത്തി ടീമിലെത്തി.ഈ മത്സരത്തിനു മുൻപ് ഇന്ത്യ ഈ വർഷം കളിച്ച എട്ടു ട്വന്റി20 മത്സരങ്ങളിൽ വിരാട് കോലിക്ക് ടോസ് ലഭിച്ചത് ഒരിക്കൽ മാത്രമായിരുന്നു. ഇന്ത്യയ്ക്ക് എഴു തവണ ടോസ് നഷ്ടമായപ്പോഴും എതിരാളികൾ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇത്തവണ ജന്മദിനത്തിൽ ടോസ് ഭാഗ്യം ഒരിക്കൽക്കൂടി കോലിക്കൊപ്പം നിന്നു.
39 പന്തിനുള്ളിൽ വിജയലക്ഷ്യം മറികടന്നു; കൂറ്റൻ വിജയത്തോടെ ഇന്ത്യ നെറ്റ് റൺറേറ്റിൽ മുന്നിൽ
Read Time:6 Minute, 40 Second