ബെംഗളൂരു: ബെംഗളൂരുവിന് പുതിയ ഷോപ്പിങ് അനുഭവം പകരാനായി ബഹുരാഷ്ട്ര കമ്പനിയായ ‘ലുലു ഗ്രൂപ്പ് ഇന്റർനാഷണലി’ന്റെ ഉടമസ്ഥതയിലുള്ള ‘ഗ്ലോബൽ മാൾസ്’ 11-ന് തിങ്കളാഴ്ച രാജാജി നഗറിൽ പ്രവർത്തനം ആരംഭിക്കും. ബെംഗളൂരുവിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റായ ‘ലുലു ഹൈപ്പർ മാർക്കറ്റ്’, രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇൻഡോർ എന്റർടെയ്ൻമെന്റ് സെന്റർ ‘ഫൺച്യൂറ’ എന്നിവയാണ് ഗ്ലോബൽ മാൾസിലെ പ്രധാന ആകർഷണങ്ങൾ.
നഗരത്തിലെ പ്രധാന ബിസിനസ് കേന്ദ്രത്തിനു സമീപം 14 ഏക്കർ ഭൂമിയിൽ അഞ്ച് നിലകളിലായാണ് ഗ്ലോബൽ മാൾസ്. 8 ലക്ഷം ച. അടി വിസ്‌തൃതിയുള്ള മാളിൽ 132 സ്റ്റോറുകളും 17 കിയോസ്‌കുകളും പ്രവർത്തിക്കും. ബ്രാൻഡഡ് വസ്ത്രങ്ങൾ, ഫാഷൻ അക്സസറികൾ, ആഭരണങ്ങൾ, ഗിഫ്റ്റ്, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ഫുഡ് കോർട്ട്, റസ്‌റ്റോറന്റ്, കഫേ തുടങ്ങി ഉപഭോക്താക്കൾക്ക് എല്ലാ വിധത്തിലുമുള്ള പുതുമയേറിയതും മികവാർന്നതുമായ ഷോപ്പിങ് അനുഭവമാണ് ഒരുക്കിയിരിക്കുന്നത്.
ലുലു ഹൈപ്പർ മാർക്കറ്റ്, ഏറ്റവും വലിയ ഇൻഡോർ എന്റർടെയ്ൻമെന്റ് സോൺ ഫൺച്യൂറ എന്നിവ മാളിന്റെ പ്രൗഢി ഇരട്ടിയാക്കുന്നു. രണ്ട് ലക്ഷം ച. അടി വിസ്‌തൃതിയിലാണ് ലുലു ഹൈപ്പർ മാർക്കറ്റ്. റോളർ ഗ്ലൈഡർ, ടാഗ് എറീന, അഡ്വഞ്ചർ കോഴ്‌സ്, ട്രാമ്പോലിൻ, ഏറ്റവും പുതിയ വി.ആർ. റൈഡുകൾ, 9ഡി തിയേറ്റർ, ബംബർ കാറുകൾ തുടങ്ങി വിവിധ ഗെയിമുകൾ അടങ്ങുന്ന ഫൺച്യൂറയുടെ വിസ്‌തൃതി 60,000 ച. അടിയാണ്.
23-ലധികം ഔട്ട്‌ലെറ്റുകളുള്ള ഫുഡ്‌കോർട്ടിൽ ഒരേസമയം 1000 പേർക്ക് ഇരുന്ന് കഴിക്കാം. കൂടാതെ, 1700-ഓളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് 5 മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.