ബെംഗളൂരു:
ഓള്‍ ഇന്ത്യാ കെഎംസിസിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കേന്ദ്രീകരിച്ച് നടക്കുന്ന ആതുര സേവന പ്രവര്‍ത്തനങ്ങള്‍ കാരുണ്യത്തിന്റെ പുതു സംസ്‌കാരമാണ് ബംഗ്ലൂരുവിന് പരിചയപ്പെടുത്തിയതെന്ന് സഫ മെഡിക്യൂറ് എം.ഡി നഫീസ് അല്‍ റഹ്‌മാന്‍. ദശദിന വിവാഹ സംഗമത്തിന്റെ ഏഴാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലിയേറ്റീവ് കെയര്‍ അടക്കമുള്ള ശിഹാബ് തങ്ങള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ബംഗ്ലൂരു നഗരത്തിന് അപരിചിതമായിരുന്നു. ശുശ്രൂഷ കിട്ടാതെ ഒരു രോഗി പോലും ഒറ്റപ്പെടേണ്ടി വരില്ല എന്ന തരത്തിലേക്ക് ബംഗ്ലൂരു നഗരത്തിന്റെ സാമൂഹ്യ സാഹചര്യത്തെ മാറ്റിയതില്‍ ശിഹാബ് തങ്ങള്‍ സെന്ററിന് അനല്‍പമായ പങ്കുണ്ട്. കൊവിഡ് കാലത്ത് പോലും ഈ നഗരം അതിന് സാക്ഷ്യം വഹിച്ചതാണ്. പലരും ആശുപത്രിയില്‍ പോകാനും പരിചരണത്തിനും ബുദ്ധിമുട്ടിയപ്പോള്‍ സാഹചര്യത്തിന്റെ അനിവാര്യത മനസ്സിലാക്കി ശിഹാബ് തങ്ങള്‍ സെന്റര്‍ കേന്ദ്രീകരിച്ചുള്ള സാന്ത്വന പരിചരണ സംഘം ഇടപെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എച്ച്.എ.എല്‍, മുരുകേഷ്പാളയ, മാര്‍ത്തഹള്ളി, വൈറ്റ്ഫീല്‍ഡ് ഏരിയാ കമ്മിറ്റികള്‍ സംഗമത്തിന് ആതിഥേയത്വം വഹിച്ചു.
ബി.ബി.എം.പി കൗണ്‍സിലര്‍ ഇംറാന്‍ പാഷ മുഖ്യാതിഥിയായി. സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങള്‍ അല്‍ ഖാസിമി അല്‍ ബുഖാരി, ഫൈസല്‍ പത്തുക്കാലന്‍, കെ.പി.സി.സി സെക്രട്ടറി ടി.എം ഷാഹിദ്, ഡോ. മഹ്ബൂബ് പാഷ, മെറ്റി കെ. ഗ്രേസ്, സന്തോഷ് കുമാര്‍, സുബൈര്‍ കമാല്‍, പി.എം അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. റഷീദ് മൗലവി സ്വാഗതവും വി.എം ജമാല്‍ നന്ദിയും പറഞ്ഞു.