കാസറഗോഡ്: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക സര്‍കാര്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പെടുത്തിയ പശ്ചാത്തലത്തില്‍ കാസര്‍കോട് – മംഗളുറു അന്തര്‍സംസ്ഥാന പാതയിലെ കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍ ഇരു സംസ്ഥാനങ്ങളും നിര്‍ത്തിവെച്ചു.
തിങ്കളാഴ്ച മുതല്‍ കേരള ആര്‍ ടി സി ബസുകള്‍ തലപ്പാടി വരെ മാത്രമേ സെര്‍വീസ് നടത്തുകയുള്ളൂവെന്ന് കാസര്‍കോട് ഡിപോ അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതിനാല്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് കാസര്‍കോട്ടേക്കുള്ള കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസ് സെര്‍വീസ് കര്‍ണാടക നിര്‍ത്തിവെച്ചതായി ദക്ഷിണ കന്നഡ ജില്ലാ എം പി നളിന്‍ കുമാര്‍ കടീലും അറിയിച്ചു.മംഗളുറു ഡിസി ഓഫീസില്‍ നടന്ന യോഗത്തിലാണ് നളിന്‍ കുമാര്‍ കടീല്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദക്ഷിണ കന്നഡ ജില്ലയില്‍ പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചിട്ടുണ്ട്, അതിനാല്‍ ജില്ലാ ഭരണകൂടം അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ ഞങ്ങള്‍ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മാസങ്ങളോളം ഇരു സംസ്ഥാനങ്ങളും നിര്‍ത്തിവെച്ച കെ എസ് ആര്‍ ടി സി ബസ് സെര്‍വീസ് അടുത്തിടെയാണ് പുനരാരംഭിച്ചത്. അതിനിടെയാണ് വീണ്ടും നിര്‍ത്തിവെക്കുന്നത്. കര്‍ണാടകയില്‍ കോവിഡ് വര്‍ധിക്കാന്‍ കേരളവും കാരണമെന്നാണ് കര്‍ണാടകയുടെ നിലപാട്. കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് നിര്‍ബന്ധമാക്കുകയും അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയുമാണ് കര്‍ണാടക.
കര്‍ണാടകയില്‍ കോളജ് അടക്കം തുറന്ന സാഹചര്യത്തില്‍ ബസ് സെര്‍വീസ് നിര്‍ത്തിവെക്കുന്നത് കാസര്‍കോട്ടുകാര്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കും.