Read Time:1 Minute, 8 Second
ദുബായ്: ദുബായ് ജബൽ അലി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയ്നർ കപ്പലിൽ വൻ തീപിടിത്തം. രാത്രി 12 മണിയോടെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് സംഘമെത്തി തീകെടുത്തി. സംഭവത്തിൽ ആളപായമില്ലെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.
കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പലിൽ വലിയ പൊട്ടിത്തെറിയുണ്ടായതായും തുടർന്നാണ് തീപടർന്നതെന്നുമാണ് റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന 130 കണ്ടെയ്നറുകളിൽ മൂന്നെണ്ണത്തിൽ തീപിടിക്കാവുന്ന വസ്തുക്കളായിരുന്നുവെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാറി പറഞ്ഞു. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ് ജബൽ അലിയിലേത്.