സംഘടനാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നടന്ന കര്‍ണാടക സംസ്ഥാന യൂത് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രഖ്യാപനത്തില്‍ വന്‍ അട്ടിമറി. ഏഴായിരം വോടുകള്‍ കൂടുതല്‍ നേടിയ നാലപ്പാട് മുഹമ്മദിന് പകരം തൊട്ടടുത്ത എതിരാളി രക്ഷ രാമയ്യയെ വിജയിയായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ, എന്‍ എ ഹാരിസിന്റെ മകനായ മുഹമ്മദിന് 64,203 വോടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം ആര് സീതാറാമിന്റെ മകന് രക്ഷയ്ക്ക് 57,271 വോടുകളും ലഭിച്ചു.
കഴിഞ്ഞ മാസം 10,11,12 തീയതികളിലായി ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് മുഹമ്മദ് പ്രവര്‍ത്തകരുടെ വന്‍ പിന്തുണ ഉറപ്പിച്ചത്.എന്നാല്‍ ഫലപ്രഖ്യാപനം നീട്ടിക്കൊണ്ടുപോയ നേതൃത്വം 2018ല്‍ പ്രതിയായ കേസ് എടുത്തുകാട്ടി മുഹമ്മദിന് അയോഗ്യത കല്പിക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ പിടിമുറുക്കുന്ന ന്യൂനപക്ഷ വിരുദ്ധ ലോബി മലയാളി വിദ്വേഷ കാര്‍ഡ് കൂടി ഇറക്കുകയാണെന്ന് ആക്ഷേപമുണ്ട്.
കാസര്‍കോട് സ്വദേശികളാണ് നാലപ്പാട് കുടുംബം. തുടര്‍ച്ചയായി മൂന്നാം തവണ ശാന്തിനഗര്‍ എംഎല്‍എയായ എന്‍ എ ഹാരിസും കേരള – കര്‍ണാടക കോണ്‍ഗ്രസ് നേതാവായ എന്‍ എ മുഹമ്മദും പ്രമുഖ വ്യവസായികളാണ്. രണ്ടാമനായ രക്ഷ രാമയ്യ പ്രസിഡന്റായതോടെ 18,137 വോടുകള്‍ നേടിയ എച്ച്എസ് മഞ്ചുനാഥ് യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി. ദക്ഷിണ കന്നട ജില്ല പ്രസിഡന്റായിരുന്ന മിഥുന് റൈ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും 3104 വോടുകളേ നേടാനായുള്ളൂ.
മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് മുഹമ്മദിനെതിരായ കരുനീക്കങ്ങളെന്ന് പറയുന്നു. കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറിനെ മറികടന്നാണിത്. പ്രസിഡന്റ് പ്രഖ്യാപനത്തില്‍ ക്ഷുഭിതരാവുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ശാന്തരാവാന്‍ നാലപ്പാട് മുഹമ്മദ് പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ ആഗ്രഹിക്കുന്ന ശൈഥില്യം കോണ്‍ഗ്രസ് പാര്‍ടിയില്‍ ഉണ്ടാവാതിരിക്കാന്‍ ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2018 ഫെബ്രുവരിയില്‍ യൂത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറിയായിരിക്കെ ബെംഗളൂരുവിലെ റസ്റോറന്റിലുണ്ടായ അക്രമ സംഭവമാണ് മുഹമ്മദിനെ അയോഗ്യനാക്കാന്‍ കാരണമായി കോണ്‍ഗ്രസ് പറയുന്നത്. മുഹമ്മദ് നടക്കുന്ന വഴിയില്‍ കാല് കുറുകെ വെച്ച് ഇരുന്ന വിദ്വത് എന്നയാളെ മുഹമ്മദ് മര്‍ദിച്ചു എന്നായിരുന്നു കേസ്. കാലിന് പ്ലാസ്റ്ററിട്ടതിനാലാണ് അങ്ങിനെ ഇരുന്നതെന്ന് പിന്നീട് വിശദീകരണമുണ്ടായി.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായ അന്നത്തെ സര്‍കാര്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് മുഹമ്മദിനെതിരെ കേസെടുത്തിരുന്നത്. പിന്നീട് ഹൈകോടതി ജാമ്യം അനുവദിച്ചു. പാര്‍ടിയില്‍ നിന്ന് കോണ്‍ഗ്രസ് രീതിയനുസരിച്ച് ആറു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ യൂത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ടി നേതൃത്വം അനുമതി നല്കി.