ഇങ്ങനെയും ചില സഞ്ചാരികൾ;  ചായ വിറ്റ് കാശുണ്ടാക്കി തൃശൂരിൽ നിന്ന് സൈക്കിളിൽ കാശ്മീർ വരെ

ഇങ്ങനെയും ചില സഞ്ചാരികൾ; ചായ വിറ്റ് കാശുണ്ടാക്കി തൃശൂരിൽ നിന്ന് സൈക്കിളിൽ കാശ്മീർ വരെ

0 0
Read Time:6 Minute, 18 Second

തൃശൂർ:
ഇന്ത്യ ചുറ്റാൻ തൃശ്ശൂർ ആമ്പല്ലൂരിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇരുപത്തിമൂന്നുകാരൻ നിധിന്റെ പക്കൽ ഉണ്ടായിരുന്നത് 170 രൂപ മാത്രം. സൈക്കിളിൽ യാത്ര നടത്തി ഓരോ ദിവസവും പണം കണ്ടെത്തുന്നതു പോകുംവഴി ചായ വിറ്റ്. കശ്മീരിലേക്കുള്ള യാത്ര 10 ദിവസം പിന്നിടുമ്പോൾ നിധിനിപ്പോൾ ഗോവയിലുണ്ട്. നിധിൻ എന്ന ചെറുപ്പക്കാരന്റെ സൈക്കിൾ യാത്രാ വിശേഷങ്ങളറിയാം.

തൃശ്ശൂരിലുള്ള ഒരു റെസ്റ്റോറന്റിലെ ജീവനക്കാരനായിരുന്നു നിഥിൻ. ജ്യൂസും ചായയുമൊക്കെ ഉണ്ടാക്കുന്ന ജോലി. യാത്രയും ഫൊട്ടോഗ്രഫിയും സിനിമാ സംവിധാനവുമൊക്കെയാണു നിഥിന്റെ ഇഷ്ടങ്ങൾ. ജോലി ചെയ്തു സമ്പാദിച്ചതിൽ നിന്ന് 20000 രൂപ മുടക്കി ഇതിനിടെ ഒരു ക്യാമറയും വാങ്ങിയിരുന്നു. ജോലിയും അൽപം ഫൊട്ടോഗ്രഫിയുമൊക്കെയായി ജീവിതം മുൻപോട്ടു പോകുന്നതിനിടെയാണു ലോക്ഡൗ‍ൺ പ്രഖ്യാപിക്കുന്നത്. ഇതോടെ നിധിനു ജോലി നഷ്ടമായി. യാത്രകൾ നടത്തിയിരുന്ന നിഥിനു വീട്ടിൽ ഒതുങ്ങേണ്ടി വന്നു. മാസങ്ങളോളം വീട്ടിലിരുന്നു ബോറടിച്ചപ്പോൾ ഇക്കഴിഞ്ഞ ഡിസംബർ അവസാനത്തോടെയാണു പുതുവർഷം പുതിയ യാത്രയിൽ നിന്നാരംഭിച്ചാലോ എന്ന ചിന്ത മനസ്സിലെത്തുന്നത്. കശ്മീരിലേക്കുള്ള യാത്രയെന്ന് ഉറപ്പിച്ചു. എന്നാൽ എങ്ങനെ പോകുമെന്ന കാര്യത്തിൽ ഉത്തരമുണ്ടായിരുന്നില്ല. പ്ലസ്ടുക്കാരനായ അനുജന്റെ പഴയ സൈക്കിൾ കണ്ണിൽപ്പെടുന്നത് അങ്ങനെയാണ്. സാധാരണ സൈക്കിളിൽ, അതും പഴയൊരു സൈക്കിളിൽ കശ്മീരിലേക്കുള്ള യാത്ര എങ്ങനെ നടത്തുമെന്ന കാര്യം സംശയമായിരുന്നു. ഉപയോഗിക്കാതിരുന്നതിനാൽ സൈക്കിളിന് അറ്റകുറ്റപണികളേറെ നടത്തണം. എന്തൊക്കെ വന്നാലും കശ്മീർ യാത്ര നടത്തുമെന്നു മനസ്സിൽ ഉറപ്പിച്ചു. പണം കണ്ടെത്താൻ മാർഗമൊന്നും ഇല്ലാതായപ്പോൾ ഏറെ ആഗ്രഹത്തോടെ വാങ്ങിയ ക്യാമറ വിൽക്കാൻ തീരുമാനിച്ചു.
13000 രൂപയ്ക്കു ക്യാമറ വിൽപന നടത്തിയാണു നിധിൻ പണം കണ്ടെത്തിയത്. സൈക്കിൾ രാജ്യം ചുറ്റാനുള്ള തീരുമാനത്തിനു വീട്ടുകാരുടെ പൂർണ പിന്തുണയുണ്ടെന്നു പറയുന്നു നിധിൻ. വലിയൊരു യാത്രയ്ക്കായി സൈക്കിളിൽ അറ്റകുറ്റപണികളേറെ നടത്തേണ്ടി വന്നു. യാത്രയ്ക്കുള്ള പണം തികയില്ലെന്നു മനസ്സിലായപ്പോൾ പോകും വഴി ചായ വിൽപന നടത്താമെന്നായി തീരുമാനം. 30 ചായ ഒരു ദിവസം വിറ്റാൽ 300 രൂപ! ഒരു ദിവസത്തെ യാത്രയ്ക്കുള്ള പണം ഇങ്ങനെയുണ്ടാക്കും. അതോടെ ഡീസൽ ഉപയോഗിച്ചു പ്രവർത്തിക്കുന്ന സ്റ്റൗവ്, ചായയുണ്ടാക്കാനുള്ള പാത്രം, 30 ചായ ചൂടോടെ വയ്ക്കാൻ ഫ്ലാസ്ക് എന്നിവയും വാങ്ങി. പിന്നീടു കയ്യിൽ ബാക്കിയായത് 170 രൂപ! 2021 ജനുവരി ഒന്നിന് തന്റെ സൈക്കിളിൽ ആവശ്യമായ വസ്ത്രങ്ങളും ടെന്റും ചായയുണ്ടാക്കാൻ സ്റ്റൗവ് ഉൾപ്പെടെയുള്ള സാമഗ്രികളുമായി നിധിൻ യാത്ര ആരംഭിച്ചു. യാത്ര 10 ദിവസം പിന്നിടുമ്പോൾ ഗോവയിലാണു നിധിനിപ്പോഴുള്ളത്. തന്റെ യാത്രയെക്കുറിച്ചു നിധിൻ പറയുന്നതിങ്ങനെ: ‘എല്ലാ ദിവസവും രാവിലെ അഞ്ചരയോടെ യാത്ര ആരംഭിക്കും. ദിവസവും 100 കിലോമീറ്റർ ദൂരം പിന്നിടും. വൈകിട്ട് 4 മണിയോടെ യാത്ര അവസാനിപ്പിക്കും.
ഒരു സ്ഥലം കണ്ടെത്തി സ്റ്റൗവ് കത്തിച്ചു ചായയുണ്ടാക്കും. അതു വിൽപന നടത്തും. യാത്രയുടെ വിവരമറിഞ്ഞ് ചിലർ ചായ വാങ്ങാതെ തന്നെ പണം തരും. രാത്രി ഏതെങ്കിലുമൊരു പെട്രോൾ പമ്പ് കണ്ടുപിടിച്ച് അവിടെ ടെന്റടിക്കും. പുലർച്ചെ വീണ്ടും യാത്ര തുടങ്ങും.’ ഈ യാത്ര ആരംഭിക്കുമ്പോൾ സുരക്ഷയ്ക്കായി ഹെൽമെറ്റോ ഗ്ലൗസ്സോ ഒന്നും നിധിൻ കരുതിയിരുന്നില്ല. എന്നാൽ പോകുംവഴി നിധിന്റെ യാത്രാ വിവരങ്ങൾ ഫേസ്ബുക്കിലും മറ്റും കണ്ടെത്തിയവർ ഇതെല്ലാം അവനു വാങ്ങി നൽകിയിട്ടുണ്ട്. ‘യാത്ര ചെയ്തു കാലിനു നന്നായി നീരു കയറിയിട്ടുണ്ട്. എന്നാൽ ലക്ഷ്യം കാണാതെ മടക്കമില്ല. ലക്ഷ്യത്തിലേക്ക് എത്താനുള്ള ധൈര്യവും അതിനായി പ്രയത്നിക്കാൻ മനസ്സുമുണ്ടെങ്കിൽ ഒന്നും തടസ്സമാവില്ലെന്ന് ഉറപ്പ്,’ നിധിൻ പറയുന്നു. ദക്ഷിണേന്ത്യയിൽ യാത്ര നടത്തിയിട്ടുള്ള നിധിന് ഇത്തരമൊരു യാത്ര ആദ്യഅനുഭവമാണ്. ഫെബ്രുവരി പകുതിയോടെ കശ്മീർ എത്താമെന്ന പ്രതീക്ഷയിലാണു യാത്ര. മടക്കവും സൈക്കിളിൽ തന്നെ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!