ഉപ്പള:
കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ലയായ കാസർകോട്ടെ മഞ്ചേശ്വരം സബ് ജില്ലയിലെ സാധാരണക്കാരുടെ വിദ്യാലയം. ദേശീയ പാത അറുപത്തി ആറിന്റെ ഓരത്ത് പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സുവർണ്ണ ഗിരിപ്പുഴക്ക് ചാരെ 1958 സെപ്റ്റംബർ പതിനാറിന് അന്നത്തെ മുഖ്യ മന്ത്രി ഈ എം എസ് നമ്പൂതിരിപ്പാട് ഉത്ഘാടനം ചെയ്തു തുടക്കംകുറിച്ച പാഠ ശാലയാണ് ഇന്ന് പടർന്നു പന്തലിച്ചു മംഗൽപാടി
ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളായി പ്രശസ്തമായത്.
ആരംഭ ദശയിൽ അംഗുലീ പരിമിതമായ വിദ്യാർത്ഥികളുമായി പിച്ച വെച്ച ഗവ. ബേസിക് എൽ.പി സ്ക്കൂളിന്റെ പരിസരത്ത് ശേഷം ആറാം ക്ലാസ്സ് ആരംഭിച്ചു. പതിയെപ്പതിയെ ഉന്നതിയുടെ പടവുകൾ കയറി. കുക്കാർ സ്വദേശികളായിരുന്ന ശ്രീ ത്യാംപണ്ണ ശെട്ടി, ശ്രീ മഹാബല ശെട്ടി എന്നീ വലിയ മനുഷ്യർ മുൻകൈ എടുത്ത്, ഇവിടെ ഒരു ഹൈസ്ക്കൂളിന്റെ ആവശ്യകത നാട്ടുകാർക്ക് മനസ്സിലാക്കികൊടുത്തതിന്റെ ഫലമായി അന്നത്തെ അവിഭക്ത കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ മലബാർ ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നാട്ടുകാരുടെ സ്വപ്നമായിരുന്ന ഈ സ്ക്കൂൾ സാക്ഷത്കരിക്കപ്പെട്ടു.ഇന്ന് എഴുനൂറിലധികം വിദ്യാർത്ഥികളാണ് അറിവിന്റെ മധുരം നുകരാൻ ഇവിടെയെത്തുന്നത്.
ഇപ്പോൾ ഉപ്പള ടൗണിൽ പ്രസിദ്ധനായ കുട്ടികളുടെ വിദഗ്ധൻ ഡോ. രത്നാകര ശെട്ടിയാണ് ഈ സ്കൂളിൽ ആദ്യമായി പ്രവേശനം ലഭിച്ച ഭാഗ്യവാൻ. പരിസരങ്ങളിൽ ആശ്രയിക്കാൻ പറ്റുന്ന ഹൈസ്കൂളുകൾ ഇല്ലായിരുന്നു. ലോകത്തിന്റെ പല ഭാഗത്തും മംഗൽപാടി സ്കൂളിന്റെ ഉത്പന്നങ്ങൾ വ്യാപിച്ചു കിടക്കുന്നു.
എങ്കിലും പലതരത്തിലുള്ള പോരായ്മകളും നില നിൽക്കുന്നതിനാൽ കുട്ടികൾക്ക് വേണ്ട വിധത്തിലും, നിലവാരത്തിലുമുള്ള വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ല എന്നത് ദുഃഖകരമായ വാസ്തവമാണ്. ഈ സ്കൂളിനോടുള്ള അവഗണയുടെ മഹാമാലകൾ അവശേഷിക്കുമ്പോഴും, മംഗല്പാഡി പഞ്ചായത്തിൽ പഠന നിലവാരത്തിൽ ഏറ്റവും മുന്പന്തിയിലുള്ള സർക്കാർ സ്കൂൾ ഇതാണെന്നതിൽ സംശയമില്ല.
വിശാലമായ രണ്ടേക്കർ സ്ഥലത്ത് അങ്ങിങ് ഏഴു കഷ്ണങ്ങളായി വ്യാപിച്ചു കിടക്കുകയാണ് ഹൈസ്കൂൾ. ഹയർ സെക്കന്ററി സ്കൂളിന് ഒരു കിലോമീറ്റർ അകലെ വേറെ കെട്ടിടമാണ്. നാശത്തിന്റെ പിടിയിലമർന്ന പഴയ തറവാട് വീടിനെ അനുസ്മരിപ്പിക്കും വിധം ഏത് നിമിഷവും തകർന്ന് വീഴുമെന്ന് തോന്നിക്കുന്ന ഓട് മേഞ്ഞ പഴയ കെട്ടിടവും ഇവിടെയുണ്ട്.തൊട്ടു മുന്നിലായി പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ പൊട്ടിപ്പൊളിഞ്ഞ അവശിഷ്ടങ്ങൾ ഇഴ ജന്തുക്കൾക്ക് താവളമാകാൻ പാകത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ആ കെട്ടിടാവശിഷ്ട്ടങ്ങൾ അവിടെ നിന്ന് മാറ്റി, കുട്ടികൾക്ക് സുരക്ഷാ സാഹചര്യം ഒരുക്കണമെന്ന് ആളുകൾ പഞ്ചായത്ത് അധികൃതരോട് പറയാൻ തുടങ്ങിയിട്ടും വർഷങ്ങൾ കഴിഞ്ഞു.
മലയാളം, കന്നഡ, ഇഗ്ലീഷ് എന്നീ മീഡിയങ്ങളിലായി എഴുനൂറിലധികം വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ ലാബിലുള്ളത് ഏകദേശം അൻപതോളം കമ്പ്യുട്ടർ മാത്രം. എങ്കിലും വിശാലമായ കളിസ്ഥലം ഇവിടെയുണ്ട്!. 197കുട്ടികളാണ് മംഗൽപാടി സ്കൂളിൽ നിന്നും ഈ പ്രാവശ്യം എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. കുട്ടികൾക്കനുസരിച്ചുള്ള ശുചി മുറി വേണമെന്നത് കടലാസിൽ ഒതുങ്ങുന്നു. ജല വിതരണ സംവിധാനവും കുറ്റമറ്റതല്ല.
കലാ, കായിക, പ്രവർത്തി പരിചയ മേഖലകളിൽ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് പരിശീലനം നൽകാൻ അധ്യാപകർ ശ്രമിക്കുന്നു എന്നുള്ളത് ആശ്വാസമാണ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യക്ഞ്ഞത്തിന്റെ ഭാഗമായി ജനകീയ ഇടപെടലുകൾ നടത്തി, നവീകരണത്തിന്റെ പാതയിലേക്ക് സ്കൂളിനെ നയിക്കാനും, പ്രകൃതിയെ പാഠപുസ്തകമാക്കാനും രക്ഷാകർത്തൃ സമിതി ശ്രമിക്കുന്നുണ്ട് എന്നതും ശുഭ സൂചനയാണ്.
പക്ഷെ പഴയ കെട്ടിടങ്ങളുടെയും, ക്ലാസ്സ് മുറികളുടെയും ശോചനീയാവസ്ഥയും പുതിയ കെട്ടിടങ്ങളുടെയും, ക്ലാസ്സ് മുറികളുടെയും അഭാവവും സുഗമമായ അന്തരീക്ഷത്തെ മലിനമാക്കുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തി ആറു ക്ലാസ്സ് റൂമുകൾ നിർമ്മിക്കാനായി ഒരു കോടി രൂപ ലഭിക്കുമെന്ന് ഒരു വർഷം മുമ്പ് സൂചന ലഭിച്ചിരുന്നെങ്കിലും കെട്ടിടം മാത്രം ഉയർന്നില്ല. പാചകപ്പുരക്കും ഒരു വർഷം മുമ്പ് പണം അനുവദിച്ചെങ്കിലും ഇത് വരെ അതും യാഥാർത്യമായില്ല. വിണ്ണിൽ പ്രഖ്യാപനം മാത്രം നടത്താതെ മണ്ണിൽ അവ നടപ്പാക്കാനുള്ള ഇച്ചാ ശക്തികൂടി വേണ്ടപ്പെട്ടവർക്ക് ഉണ്ടാവുന്നതും കാത്തിരിക്കുകയാണ് നാട്ടുകാർ.