മംഗളൂരു- കാസര്‍കോട് കുമ്പള സ്വദേശിയായ ബിസിനസുകാരനെ പെണ്‍ കെണിയില്‍ കുടുക്കി പണം തട്ടിയ സംഭവത്തില്‍ മംഗളൂരു സിറ്റി പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു.
രേഷ്മ എന്ന നീലിമ (32), ഇഖ്ബാല്‍ (35), സീനത്ത് മുബീന്‍ (28) നാസിഫ് എന്ന അബ്ദുല്‍ഖാദര്‍ (25) എന്നിവരാണ് പിടിയിലായത്. സാമൂഹി മാധ്യമങ്ങളിലൂടെ ബിസിനസുകാരെ കണ്ടെത്തി സുഹൃദ്ബന്ധം സ്ഥാപിച്ചാണ് സംഘം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയിരുന്നത്.
രേഷ്മയും സീനത്തും പരിചയപ്പെടുന്നവരെ പിന്നീട് വീടുകളിലേക്ക് ക്ഷണിക്കുകയാണ് പതിവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എന്‍. ശശി കുമാര്‍ പറഞ്ഞു.
ക്ഷണ പ്രകാരം കാസര്‍കോട് നിന്ന് സൂറത്കല്‍ ജംഗ്ഷനിലെത്തിയ ബിസിനസുകാരന്റെ കാറില്‍ ആദ്യം രേഷ്മയാണ് കയറിയത്. ബാക്കിയുള്ളവര്‍ രേഷ്മയുടെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ബിസിനസുകാരനെ മര്‍ദിച്ച സംഘം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇയാളെ ഹോക്കി സ്റ്റിക്ക് കൊണ്ട് മര്‍ദിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു.
പണമില്ലെന്ന് വ്യക്തമാക്കിയ ബിസിനസുകാരനെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച ശേഷം സോഷ്യല്‍ മീഡിയിയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബലാത്സംഗ കേസ് കൂടി ഫയല്‍ ചെയ്യുമെന്ന് പറഞ്ഞതോടെ ഇയാള്‍ 30,000 രൂപ നല്‍കി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൂടുതല്‍ പേര്‍ സംഘത്തിലുണ്ടെന്ന് വിവരം ലഭിച്ചതായും അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു. അടുത്തിടെയായി ലക്ഷങ്ങള്‍ തട്ടിയ ആറ് കേസുകളില്‍ ഈ സംഘം ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്.
രേഷ്മ ബീഡി തെറുപ്പ് കാരിയും സീനത്ത് ഇന്‍ഷുറന്‍സ് ഏജന്റും മറ്റു രണ്ട് പ്രതികള്‍ ഡ്രൈവര്‍മാരുമാണ്. സീനത്തും ഭര്‍ത്താവും താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് നാല് മൊബൈല്‍ ഫോണുകളും അഞ്ച് ക്രെഡിറ്റ് കാര്‍ഡുകളും കണ്ടെടുത്തു.