ബംഗളൂരു : മരുഭൂമി നിറഞ്ഞ ചുട്ടുപൊള്ളുന്ന അറബി രാഷ്ട്രങ്ങള്‍ സമ്ബന്നമായത് മണലാരണ്യത്തില്‍ ഒളിപ്പിച്ചുവച്ച എണ്ണയെന്ന നിധി കണ്ടെടുത്തതോടെയാണ്. ലോകത്തിനെ ചലിപ്പിക്കാന്‍ പോന്ന കറുത്ത ദ്രാവകം അറബികളെ ലോകത്തിലെ നിര്‍ണായക ശക്തിയാക്കി, സമ്ബന്നത കൊണ്ട് മൂടി. വരും കാലത്ത് പെട്രോള്‍ ഡീസല്‍ വാഹനങ്ങളെ മാറ്റി ഇലക്‌ട്രിക് വാഹനങ്ങള്‍ കളം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇലക്‌ട്രിക് വാഹനങ്ങളില്‍ വൈദ്യുതി ശേഖരിക്കുന്ന ബാറ്ററികളുടെ നിര്‍മ്മാണത്തിനാണ് ഏറെ പ്രാധാന്യമുള്ളത്. ലിഥിയം ഉപയോഗിച്ചാണ് ഗുണമേന്‍മയേറിയ ബാറ്ററികള്‍ നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ച് പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ത്യയില്‍ കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ മര്‍ഗല്ലഅലപത്ന പ്രദേശത്ത് ലിഥിയം ശേഖരം കണ്ടെത്തി എന്നതാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഇന്ത്യയില്‍ ഒരിടത്ത് നിന്നും ലിഥിയത്തിന്റെ ശേഖരം കണ്ടെത്തിയിരുന്നില്ല. ആദ്യമായിട്ട് അത്തരമൊരു ഖനി കര്‍ണാടകയില്‍ നിന്നും കണ്ടെത്തിയിരിക്കുകയാണ്. ലിഥിയം ആവശ്യത്തിന്റെ നൂറ് ശതമാനവും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യയ്ക്ക് ഈ കണ്ടെത്തല്‍ നല്‍കിയിരിക്കുന്നത് പുതിയ ഊര്‍ജ്ജമാണ്. എന്നാല്‍ താരതമ്യേന ചെറിയ അളവില്‍ മാത്രമേ ഇവിടെ ലിഥിയം ശേഖരിക്കപ്പെട്ടിട്ടുള്ളു എന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അതായത് 1,600 ടണ്‍ ലിഥിയമാണ് ഇവിടെ നിന്നും കുഴിച്ചെടുക്കാനാവുക. എന്നാല്‍ രാജ്യത്തിന് സ്വയം പര്യാപ്തമാകാന്‍ ഇതുകൊണ്ടായാല്‍ തന്നെ വലിന നേട്ടമാണ് ഉണ്ടാവുക. കര്‍ണാടകയ്ക്ക് പുറമേ രാജസ്ഥാനിലും, ഗുജറാത്തിലും, ഒഡീഷയിലും ലിഥിയം വേര്‍തിരിച്ചെടുക്കാനുള്ള പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുമുണ്ട്.
കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിഭാഗമായ ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ (എ എം ഡി) ഗവേഷണപ്രവര്‍ത്തനങ്ങളാണ് രാജ്യത്തെ വിവിധ ഇടങ്ങളില്‍ നടക്കുന്നത്. ഉപ്പളങ്ങളിലും, അഭ്രം ഖനനം ചെയ്യുന്ന ഇടങ്ങളിലും ലിഥിയത്തിന്റെ സാമീപ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന് പുറമേ വിദേശത്തും നിരവധി കമ്ബനികളുമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ പ്രധാനം 17 ദശലക്ഷം ടണ്‍ ലിഥിയത്തിന്റെ കരുതല്‍ ശേഖരമുള്ള ദക്ഷിണ അമേരിക്കന്‍ രാജ്യവുമായിട്ടുള്ളതാണ്. അര്‍ജന്റീനിയന്‍ കമ്ബനിയുമായി ചേര്‍ന്ന് ലിഥിയം, കോബാള്‍ട്ട് തുടങ്ങിയ ധാതുക്കള്‍ ശാസ്ത്രീയമായി ഖനനം ചെയ്‌തെടുക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.