ന്യൂഡല്‍ഹി: ഇന്നുമുതല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ വിവിധ ബാങ്കുകള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്നുമുതല്‍ നിശ്ചിത പരിധി കഴിഞ്ഞാല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഉപഭോക്കാക്കളില്‍ നിന്ന് ഫീസ് ഈടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നിവയും സമാനമായ നടപടിക്ക് ഒരുങ്ങുന്നതായാണ് വിവരം. കറന്റ് അക്കൗണ്ട്, ക്യാഷ് ക്രെഡിറ്റ് ലിമിറ്റഡ്, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടില്‍ നിന്നുള്ള നിക്ഷേപവും പിന്‍വലിക്കലും, സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്നുള്ള പണം പിന്‍വലിക്കലും നിക്ഷേപവും എന്നിവയ്ക്കാണ് ഇത് ബാധകമാകുക.
മാസം മൂന്ന് തവണ വരെ സൗജന്യമായി പണം പിന്‍വലിക്കാന്‍ അനുവദിക്കും. ഈ പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും വായ്പ അക്കൗണ്ടിന് 150 രൂപ എന്ന നിരക്കില്‍ ഇടപാട് ചാര്‍ജ്ജായി ഈടാക്കും. അതേപോലെ തന്നെയാണ് സേവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ കാര്യവും. മാസം മൂന്ന് തവണ വരെ സൗജന്യമായി നിക്ഷേപിക്കാം. അതിന് ശേഷം ഓരോ ഇടപാടിനും 40 രൂപ വീതം ഈടാക്കും. ജന്‍ധന്‍ അക്കൗണ്ടുടമകള്‍ക്ക് ഇളവുണ്ട്. ഇവര്‍ക്ക് പണം നിക്ഷേപിക്കുന്നതിന് ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ നിര്‍ദിഷ്ട പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കുന്നതിന് 100 രൂപ ഈടാക്കും.
ക്യാഷ് ക്രെഡിറ്റ്, കറന്റ്, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകളില്‍ ഒരു ദിവസം ഒരു ലക്ഷം രൂപ വരെ സൗജന്യമായി നിക്ഷേപിക്കാം. ഒരു ലക്ഷത്തിന് മുകളിലുളള നിക്ഷേപത്തിന് തുകയുടെ വ്യാപ്തി അനുസരിച്ച് കുറഞ്ഞത് 50 രൂപയും പരമാവധി 20,000 രൂപ വരെയും ഈടാക്കും. ക്യാഷ് ക്രെഡിറ്റ്, കറന്റ്, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകളില്‍നിന്ന് മൂന്ന് തവണ വരെ സൗജന്യമായി പണം പിന്‍വലിക്കാം. നാലാമത്തെ തവണ മുതല്‍ 150 രൂപ ഓരോ ഇടപാടിനും ഇടപാട് ചാര്‍ജ്ജായി നല്‍കണം.
സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് മാസം മൂന്ന് തവണ വരെ സൗജന്യമായി നിക്ഷേപിക്കാം. നാലാമത്തെ തവണ മുതല്‍ 40 രൂപ വീ്തം നല്‍കണം. മൂന്ന് തവണ വരെ പണം പിന്‍വലിക്കുന്നതിന് പ്രത്യേക ചാര്‍ജ്ജ് ഈടാക്കില്ല. നാലാമത്തെ തവണ മുതല്‍ 100 രൂപ വീതം ഈടാക്കും.