പാലക്കാട്: സംസ്ഥാന ബിജെപിയ്ക്കുള്ളിലെ വിഭാഗീയത പൊട്ടിത്തെറിയുടെ വക്കില്‍. ഏറെ നാളായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.
ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെ കീഴ്‍വഴക്കം ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്ന് ശോഭ കുറ്റപ്പെടുത്തി. തന്റെ അനുവാദമില്ലാതെയുള്ള നടപടിയില്‍ കേന്ദ്രനേതൃത്വത്തെ പരാതി അറിയിച്ചു.
അതൃപ്തിയുണ്ടെങ്കിലും പൊതുരംഗത്ത് തുടരുമെന്ന് ശോഭ സുരേന്ദ്രന്‍ വാളയാറില്‍ പറഞ്ഞു.
പൊതുസമൂഹത്തിനു മുന്നില്‍ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിയുടെ പ്രവര്‍ത്തക എന്ന നിലയില്‍ ഒരു വിഴുപ്പലക്കലിനും ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍പ്പെട്ട ആളുകളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പാര്‍ട്ടി മുന്‍ അധ്യക്ഷന്‍മാരോടൊപ്പം ഇപ്പോഴത്തെ അധ്യക്ഷനും ഇക്കാര്യങ്ങളില്‍ ശ്രദ്ധിച്ച് മുന്നോട്ടുപോകുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.