ന്യൂഡല്‍ഹി: പരിപ്പ് കറി, ചോറ്, നാല് ചപ്പാത്തി, സബ്ജി, പായസം, ഒരു പഴം… ഇത്രയും അടങ്ങിയ ഊണിന് എത്ര രൂപ നല്‍കണം? കുറഞ്ഞത് 50 രൂപയെങ്കിലും. എന്നാല്‍ ഡല്‍ഹി – യു.പി അതിര്‍ത്തിയായ നോയിഡയിലെ സെക്ടര്‍ 55ലെ ശ്യാം രസോയിയില്‍ നിന്ന് അഞ്ച് രൂപയ്ക്ക് ഈ സൂപ്പര്‍ താലി മീല്‍സ് കഴിക്കാം. ഇനി ഒരു രൂപയാണ് നിങ്ങളുടെ കൈവശമുള്ളതെങ്കില്‍ ചോറും പരിപ്പുകറിയും ലഭിക്കും. അതും വേണ്ടുവോളം. രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഊണ് സമയം. ആയിരത്തോളം പാഴ്സലുകളും ദിവസവും ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ച് നല്‍കാറുണ്ട്. പര്‍വിന്‍ കുമാര്‍ ഗോയലിന്റേതാണ് ഈ ഭക്ഷണശാല.
നേരത്തെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നപ്പോള്‍ ഭക്ഷണത്തിനായി ഒത്തിരി അലഞ്ഞിട്ടുണ്ടെന്ന് പര്‍വിന്‍ പറയുന്നു.
പലപ്പോഴും തുച്ഛ വരുമാനത്തിന് അനുസരിച്ച് വയറുനിറയ്ക്കാന്‍ പാടുപെട്ടിരുന്നു. ഒപ്പം റോഡില്‍ കിടക്കുന്നുറങ്ങുന്ന ജനങ്ങള്‍ കുപ്പത്തൊട്ടിയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന കാഴ്ചകളും ഏറെ വേദനിപ്പിച്ചു. എന്നെങ്കിലും സാമ്ബത്തിക സ്ഥിതി വന്നുചേരുമ്ബോള്‍ അല്പം മെച്ചപ്പെടുമ്ബോള്‍ തുച്ഛമായ നിരക്കില്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് പണ്ടേ പ്രതിഞ്ജയെടുത്തിരുന്നു.
‘വെറുതെ നല്‍കിയാല്‍ അത് വാങ്ങാനെത്തുന്നവര്‍ക്ക് മനഃപ്രയാസമുണ്ടാക്കിയാലോ എന്ന ചിന്തയിലാണ് പത്ത് രൂപയ്ക്ക് താഴെ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്.
ആളുകളുടെ സഹായത്തിലൂടെയാണ് ഹോട്ടല്‍ നടത്തിപ്പിന് പണം കണ്ടെത്തുന്നത്. പണം മാത്രമല്ല ചിലര്‍ സാധനങ്ങളും തരാറുണ്ട്. കഴിഞ്ഞ ദിവസം ഒരു പ്രായമായ സ്ത്രീ റേഷന്‍ എത്തിച്ചു തരാമെന്ന് വാഗ്ദാനം ചെയ്തു. കുറച്ച് പേര്‍ ഗോതമ്ബ് തന്നു. ഡിജിറ്റല്‍ പേമെന്റിലൂടെയാണ് കൂടുതല്‍ സഹായം.’- പര്‍വിന്‍ പറഞ്ഞു.
ആറ് ജോലിക്കാരുണ്ട്. ഇവര്‍ക്ക് ദിവസം 300 – 400 രൂപയാണ് ശമ്ബളം. കടയിലെത്തുന്ന ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് ശമ്ബളവും കൂട്ടിനല്‍കും. അടുത്തുള്ള കോളേജിലെ കുട്ടികളും ചിലസമയങ്ങളില്‍ സഹായിക്കാനായി എത്താറുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കടയില്‍ ദിവസവും ആയിരക്കണക്കിന് ആളുകള്‍ ഭക്ഷണം കഴിക്കാനെത്തുന്നുണ്ട്.