ഷാര്‍ജ: ലഹരി മരുന്ന് ഉപയോഗം പിടിക്കപ്പെട്ടതോടെ യുവതി ബഹുനില കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഷാര്‍ജ അല്‍ മുറൈജ ഏരിയയില്‍ ഇന്നലെ പുലര്‍ച്ചെ 12.40നായിരുന്നു സംഭവം. ലഹരി മരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പിടികൂടാന്‍ പൊലീസ് എത്തിയപ്പോള്‍ യുവതി കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും എടുത്തു ചാടുകയായിരുന്നു.
30 വയസുള്ള ഫിലിപ്പിനോ യുവതിയാണ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്. യുവതിയോടൊപ്പം ഇവരുടെ സുഹൃത്തെന്ന് കരുതുന്ന അറബ് യുവാവുമുണ്ടായിരുന്നു.
ഇരുവരും ഉണ്ടായിരുന്ന ഫ്‌ളാറ്റ് ഇവരുടേതല്ലെന്ന് പൊലീസ് പറഞ്ഞു. യുവതിയും യുവാവും കെട്ടിടത്തിനകത്ത് സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ട കാവല്‍ക്കാരന്‍ കെട്ടിട ഉടമയെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇദ്ദേഹം കെട്ടിടത്തിലെത്തി പരിശോധിച്ചപ്പോള്‍ രണ്ടു പേരും ലഹരിമരുന്ന് ഉപയോഗിക്കുന്നതാണ് കണ്ടത്. വിവരം അറിയിച്ചതനുസരിച്ച് ഉടന്‍ പൊലീസെത്തി.
അറസ്റ്റ് ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ യുവതി ബാല്‍ക്കണി വഴി താഴേയ്ക്ക് ചാടുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. മൃതദേഹം അല്‍ ഖാസിമി ആശുപത്രിയിലേയ്ക്ക് മാറ്റി. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു പ്രോസിക്യൂഷന് കൈമാറി. അല്‍ ഗര്‍ബ് പൊലീസ് കേസന്വേഷിക്കുന്നു.