തിരുവനന്തപുരം:
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കോവിഡ് പ്രോട്ടോക്കോൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. സ്ഥാനാർഥികളെ മാല, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കരുത്. ഭവനസന്ദർശനത്തിന് സ്ഥാനാർഥിയുൾപ്പെടെ പരമാവധി അഞ്ചുപേർ. റോഡ് ഷോയ്ക്കും റാലിക്കും മൂന്ന് വാഹനം ഉപയോഗിക്കാം. ജാഥയും കൊട്ടിക്കലാശവും പാടില്ല. യോഗങ്ങൾ നിയന്ത്രണം പാലിച്ച് പൊലീസിന്റെ മുൻകൂർ
അനുമതിയോടെയാകണം.സ്ഥാനാർഥി കോവിഡ് പോസിറ്റീവായാലോ ക്വാറന്റൈനിലായാലോ പ്രചാരണരംഗത്തുനിന്ന് മാറണം. നെഗറ്റീവായശേഷം ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണമേ തുടർപ്രവർത്തനം പാടുള്ളൂ. നോട്ടീസും ലഘുലേഖകളും പരിമിതപ്പെടുത്തി, സാമൂഹ്യമാധ്യമങ്ങൾ പ്രയോജനപ്പെടുത്തണം. വോട്ടർമാർ മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണമെന്ന സന്ദേശം പ്രചാരണത്തിൽ ഉൾപ്പെടുത്തണം.പത്രിക സമർപ്പിക്കാൻ ആൾക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ പാടില്ല. മൂന്നുപേർക്കാണ് ഹാളിൽ പ്രവേശനം. വരണാധികാരി മാസ്ക്, കൈയുറ, ഫെയ്സ് ഷീൽഡ് എന്നിവ ധരിക്കണം. ഓരോ പത്രിക സ്വീകരിച്ചശേഷവും സാനിറ്റൈസർ ഉപയോഗിക്കണം. കെട്ടിവയ്ക്കാനുള്ള തുക ട്രഷറിയിലോ തദ്ദേശ സ്ഥാപനങ്ങളിലോ ഒടുക്കി രസീത് ഹാജരാക്കാം. കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവരും ക്വാറന്റൈനിലുള്ളവരും മുൻകൂട്ടി അറിയിക്കണം. സ്ഥാനാർഥി കോവിഡ് പോസിറ്റീവാണെങ്കിൽ പത്രിക നിർദേശകന് സമർപ്പിക്കാം.
സൂക്ഷ്മപരിശോധനയ്ക്ക് സ്ഥാനാർഥികൾക്കും നിർദേശകർക്കും ഏജന്റുമാർക്കും മാത്രമാകും പ്രവേശം. പരമാവധി 30 പേർ. യോഗങ്ങളിൽ 30 പേരിൽ കൂടരുത്. ആരോഗ്യവിദഗ്ധരുമായുള്ള ചർച്ചയിൽ തയ്യാറാക്കിയ കരട് രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾക്ക് അന്തിമരൂപം നൽകിയതെന്ന് തെരഞ്ഞെടുപ്പ് കമീഷണർ വി ഭാസ്കരൻ അറിയിച്ചു.