മഞ്ചേശ്വരം: താലൂക്ക് ആശുപത്രി വികസനത്തിന് ഫണ്ട് അനുവദിക്കുന്നതിൽ സർക്കാർ മഞ്ചേശ്വരം താലൂക്കാശുപത്രിയെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജന: സെക്രട്ടറി എം.അബ്ബാസ് പ്രസ്താവിച്ചു. മറ്റുള്ള മണ്ഡലങ്ങളിൽ താലൂക്കാശുപത്രികൾക്ക് നാലിരട്ടിയിലധികം ഫണ്ട് അനുവദിക്കുമ്പോൾ അതിർത്തി പങ്കിടുന്ന ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന മഞ്ചേശ്വരം താലൂക്കാശുപത്രിക്ക് കേവലം 17 കോടി മാത്രമാണ് അനുവദിച്ചത്.കൊവിഡ് കാലത്ത് ചികിത്സ ലഭിക്കാതെ നിരവധിയാളുകളെ മരണത്തിലേക്ക് തള്ളി വിടേണ്ടി വന്ന ഹതഭാഗ്യരാണ് മണ്ഡലത്തിലെ ജനങ്ങൾ. ദേശിയ പാതയോട് ചേർന്ന് മൂന്നേക്കറിലധികം ഭൂമി ഉണ്ടായിട്ടും ആവശ്യമായ കെട്ടിടങ്ങളും തസ്തികകളുമില്ല. മഞ്ചേശ്വരം മണ്ഡലത്തിലെ ആരോഗ്യരംഗത്തെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി നൂറ്റി അൻപത് കിടക്കകളോട് കൂടിയ അനുബന്ധ സൗകര്യങ്ങളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കുള്ള ഫണ്ടാണ് ആവശ്യം. കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യമായിരുന്നിട്ടും മഞ്ചേശ്വരത്തെ ആരോഗ്യ പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ താത്പ്പര്യം കാണിക്കാതെയാണ് ചുരുങ്ങിയ ഫണ്ടു നൽകി ഒതുക്കിയത്. എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ഗൗനിക്കാതിരിക്കുന്ന സർക്കാർ നിലപാട് ശരിയല്ല. സൂപ്പർ സെപഷ്യാലിറ്റി ആശുപത്രി അടങ്ങുന്ന പ്രത്യേക പാക്കേജ് അടിയന്തിരമായും അനുവദിക്കണം. മഞ്ചേശ്വരത്തെ ജനങ്ങൾക്ക് മംഗളുരുവിലെ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് എം. അബ്ബാസ് പ്രസ്താവനയിൽ കുട്ടിച്ചേർത്തു.
താലൂക്ക് ആശുപത്രിക്ക് ഫണ്ട് അനുവദിക്കുന്നതിൽ സർക്കാർ മഞ്ചേശ്വരത്തെ അവഗണിച്ചു എം.അബ്ബാസ്
Read Time:2 Minute, 36 Second