വെല്ലിംഗ്ടണ്‍: കൊവിഡിനെ വിജയകരമായി പ്രതിരോധിച്ച ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍. 120 അംഗ പാര്‍ലമെന്റില്‍ ജസീന്തയുടെ ലിബറല്‍ ലേബര്‍ പാര്‍ട്ടി 64 സീറ്റുകള്‍ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി.
കാല്‍ നൂറ്റാണ്ടിന് ശേഷമാണു ന്യൂസിലാന്‍ഡ് പൊതു തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനുളള ജനവിധി. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ വോട്ടു വിഹിതമാണ് ജസീന്തയുടെ ലിബറല്‍ ലേബര്‍ പാര്‍ട്ടി നേടിയത്. ജസീന്തയുടെ പാര്‍ട്ടി 49 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ മുഖ്യപ്രതിപക്ഷമായ കണ്‍സര്‍വേറ്റിവ് നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടു മാത്രം.
കൊവിഡിനെ വിജയകരമായി നിയന്ത്രിച്ച ഭരണ മികവാണ് ജസീനതയ്ക്ക് ഈ ഉജ്ജ്വല വിജയം നല്കാന്‍ ന്യൂസീലന്‍ഡ് ജനതയെ പ്രേരിപ്പിച്ച പ്രധാന ഘടകം. ഇപ്പോള്‍ ന്യൂസിലാന്‍ഡില്‍ ഉള്ളത് വെറും 40 കോവിഡ് രോഗികള്‍ മാത്രം. ജനങ്ങള്‍ മാസ്ക് അണിഞ്ഞു നടക്കേണ്ടതില്ലാത്ത അപൂര്‍വം രാജ്യങ്ങളിലൊന്ന്. ഈ വമ്ബന്‍ വിജയത്തോടെ ഇനി കൂട്ടുകക്ഷി ഭരണത്തിന്റെ പരിമിതികള്‍ ഇല്ലാതെ ജസീന്തതയ്ക്ക് നാടിനെ നയിക്കാം. നന്ദിയെന്ന വാക്കു മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് ജസീന്ത.
കഴിഞ്ഞ വര്‍ഷം ഭീകരാക്രമണത്തില്‍ നടുങ്ങിയ ന്യൂസീലന്‍ഡ് ജനതയെ അനുകമ്ബയും ആത്മധൈര്യവും നല്‍കി തിരികെ കൊണ്ടുവന്നത് ജസീന്തയുടെ മികവായി ലോകം വാഴ്ത്തിയിരുന്നു. നാല്പതുകാരിയായ ജസീന്ത അധികാരത്തിലിരിക്കുമ്ബോള്‍ അമ്മയായും വാര്‍ത്തകളില്‍ ഇടം നേടി.