ന്യൂഡൽഹി: ഇടതുപക്ഷ എം.പിമാർ ഇന്ന് ഹാഥറസിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവച്ചു. ഹാഥറസ് പെൺകുട്ടിയുടെ കുടുംബം എം.പിമാരെ കാണാൻ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം.
സി.പി.എം, സി.പി.ഐ, എൽ.ജെ.ഡി പാർട്ടികളുടെ എം.പിമാരാണ് ഹാഥറസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നത്. എളമരം കരീം, ബികാശ് രഞ്ജൻ ഭട്ടാചാര്യ, ബിനോയ് വിശ്വം, എം വി ശ്രേയാംസ് കുമാർ എന്നീ എം.പിമാരാണ് ഹഥറസിലേക്ക് പോകാൻ തയാറായിരുന്നത്.
കുടുംബാംഗങ്ങളിൽ നിന്നും ഗ്രാമവാസികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയാനും ജില്ലാ കലക്ടറുമായും പൊലീസ് മേധാവിയുമായും കൂടിക്കാഴ്ച നടത്താനും എം.പിമാരുടെ സംഘം തീരുമാനിച്ചിരുന്നു. സന്ദർശന ശേഷം രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവർക്ക് വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും തീരുമാനിച്ചിരുന്നു.
പെണ്‍കുട്ടിയുടെ മരണം ദുരഭിമാനക്കൊലയാണെന്ന് പൊലീസ് ആക്ഷേപിച്ചിരുന്നു. പ്രതികളുടെ കത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക സംഘം ഇതേക്കുറിച്ച് അന്വേഷണം നടത്തും. എന്നാൽ സഹോദരന്‍റെ മര്‍ദ്ദനമേറ്റാണ് പെണ്‍കുട്ടി മരിച്ചതെന്ന പ്രതികളുടെ ആരോപണം കുടുംബം നിഷേധിച്ചു. പെണ്‍കുട്ടിയെ വീട്ടുകാര്‍ കൊന്നുവെന്ന പ്രതികളുടെ ആരോപണത്തിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്ന് കുടുംബം ആരോപിച്ചു
ഹാഥ്റസ് സന്ദർശനം ഇടതുപക്ഷ എം.പിമാർ മാറ്റിവെച്ചു
Read Time:2 Minute, 4 Second