കാസറഗോഡ് : ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പത്തു പൊലീസ് സ്റ്റേഷനില്‍ ഒരാഴ്ചത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടി. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്ഗ്, നീലേശ്വരം, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി എന്നീ ടൗണ്‍ പരിധിയിലും സിആര്‍പിസി 144 പ്രകാരം ഈമാസം മൂന്നിന് പുറപ്പെടുവിച്ച നിരോധനാജ്ഞയാണ് 16ന് രാത്രി 12 വരെ നീട്ടി ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു ഉത്തരവായത്.
നിരോധനാജ്ഞ നിലല്‍ക്കുന്ന പ്രദേശങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായി നിരോധിച്ചു. മുഴുവന്‍ ജനങ്ങളും ശാരീരിക അകലം പാലിക്കുകയും സോപ്പ്/ സാനിറ്റൈസര്‍ ഉപയോഗിച്ച കൈകള്‍ വൃത്തിയാക്കുകയും മുഖാവരണം (മാസ്‌ക്) ശരിയായ രീതിയില്‍ ധരിക്കുകയും കോവിഡ് നിര്‍വ്യാപന മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.