കുവൈത്ത് ഭരണാധികാരി ഷെയ്ക്ക് സബാഹ് അന്തരിച്ചു; നഷ്ടമായത് ഗൾഫിലെ സമാധാനമധ്യസ്ഥനെ

കുവൈത്ത് ഭരണാധികാരി ഷെയ്ക്ക് സബാഹ് അന്തരിച്ചു; നഷ്ടമായത് ഗൾഫിലെ സമാധാനമധ്യസ്ഥനെ

0 0
Read Time:5 Minute, 33 Second

കുവൈത്ത് സിറ്റി: കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് (91) അന്തരിച്ചു. രണ്ടുമാസമായി യു.എസിൽ ചികിൽസയിലായിരുന്നു. 40 വർഷം വിദേശകാര്യമന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്. വിടപറയുന്നത് ഗൾഫ് മേഖലയിലെ സമാധാനമധ്യസ്ഥനാണ്. 
സാമൂഹിക-രാഷ്ട്രീയ മേഖലയിൽ പതിറ്റാണ്ടുകളുടെ പ്രവർത്തനപാരമ്പര്യമാണു ഷെയ്ഖ് സബാഹിന്റേത്. മുബാറകിയ സ്കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം സർക്കാർ നടപടികൾ നിയന്ത്രിക്കുന്നതിനായുള്ള സമിതിയിൽ അംഗമെന്നനിലയിൽ 1954ൽ പൊതുപ്രവർത്തനത്തിനു തുടക്കമിട്ടു. ഒരു വർഷത്തിനുശേഷം സാമൂഹിക-തൊഴിൽ വകുപ്പ് ഡയറക്ടറായി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അക്കാലത്ത് അദ്ദേഹം തുടക്കമിടുകയും ചെയ്തു.
സ്പോർട്സ് ക്ലബുകളുടെ രൂപീകരണത്തിനു പിന്നിലും അദ്ദേഹത്തിന്റെ കരങ്ങളുണ്ട്. 1957ൽ പബ്ലിക്കേഷൻസ് വകുപ്പ് ഡയറക്ടറായി നിയമിതനായ അദ്ദേഹം അപൂർവ പുസ്തകങ്ങളും രേഖകളും സം‌രക്ഷിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. ശക്തമായ പ്രസാധക നിയമത്തിനു രൂപംനൽകിയ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ഫലമാണു രാജ്യത്തു നിലവിലുള്ള മാധ്യമസ്വാതന്ത്ര്യം.
ബ്രിട്ടനിൽനിന്നു കുവൈത്തിനു സ്വാതന്ത്ര്യം ലഭിച്ച 1961ൽ കുവൈത്ത് ഭരണഘടനാ നിർമാണ സമിതിയിൽ ഷെയ്ഖ് സബാഹ് അംഗമായി. 1962ൽ നിലവിൽവന്ന മന്ത്രിസഭയിൽ അദ്ദേഹം ഗൈഡൻസ് വകുപ്പു മന്ത്രിയുമായി. 1963ൽ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 40 വർഷമാണ് ആ സ്ഥാനത്തു തുടർന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യമന്ത്രി പദവി വഹിച്ച വ്യക്തി എന്ന സ്ഥാനവും ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനാണ്. വിദേശകാര്യമന്ത്രി സ്ഥാനം ലോക രാജ്യങ്ങളിലെ നേതാക്കളുമായി ഷെയ്ഖ് സബാഹിനെ അടുപ്പിച്ചു. കുവൈത്തുമായി ബന്ധപ്പെട്ടു രാജ്യാന്തരതലത്തിൽ അനവധി വേദികളിൽ അദ്ദേഹം സജീ‍വ സാന്നിധ്യവുമായി.
സമതുലിത വിദേശനയത്തിലൂടെ കുവൈത്തിനു രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുത്തതിൽ ഷെയ്ഖ് സബാഹിനുള്ള പങ്ക് ചെറുതല്ല. യു‌എൻ രക്ഷാസമിതി അംഗങ്ങളായ അഞ്ചു രാജ്യങ്ങളുമായും കുവൈത്തിനു ശക്തമായ ബന്ധം നിലനിർത്താൻ അദ്ദേഹത്തിന്റെ പ്രവർത്തനം സഹായിച്ചു. അധിനിവേശക്കാലത്തു കുവൈത്തിനു മോചനം സാധ്യമാക്കുംവിധം നയതന്ത്ര പ്രവർത്തനങ്ങൾക്കു വേഗം കൈവരുത്താനായതു
ലോകനേതാക്കളുമായി ഷെയ്ഖ് സബാഹിനുള്ള അടുത്ത ബന്ധമായിരുന്നു. 2003ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഷെയ്ഖ് സബാഹ് 2006ലാണ് അമീർ പദവിയിൽ എത്തിയത്. രാജ്യത്തെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ വിജയകരമായ നേതൃത്വം കൊടുത്തു എന്നതാണു ഷെയ്ഖ് സബാഹ് ഭരണകൂടത്തിന്റെ പ്രധാന നേട്ടം.
പ്രതിസന്ധികളെ തത്സമയം തന്റേടത്തോടെ നേരിടുകയെന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. 2015ൽ 26പേരുടെ മരണത്തിനിടയാക്കിയ ഷിയാപള്ളി ആക്രമണത്തെ തുടർന്നു ഷെയ്ഖ് സബാഹ് നടത്തിയ നീക്കം ആരെയും അദ്ഭുതപ്പെടുത്തി. ആക്രമണം നടന്ന സ്ഥലത്ത് ഉടൻ കുതിച്ചെത്തി തുടർപ്രവർത്തനങ്ങൾക്കു നേരിട്ടു നേതൃത്വം നൽകിയ ഷെയ്ഖ് സബാഹിന്റെ നീക്കമാണു രാജ്യത്തെ ശാന്തമാക്കിയത്.
ഗൾഫ് മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരവുമായി ആദ്യം രംഗത്തിറങ്ങുന്ന നേതാവെന്ന സ്ഥാനം ഷെയ്ഖ് സബാഹിനു തന്നെ. ഖത്തറിനെതിരെ സൗദിയും യു‌എ‌ഇയും ബഹ്‌റൈനും ഈജിപ്‌തും നിലപാടെടുത്തപ്പോൾ മധ്യസ്ഥതയുമായി രംഗത്തുവന്നതു ഷെയ്ഖ് സബാഹ് ആ‍ണ്. പ്രശ്ന രഹിത രാജ്യം, പ്രശ്നങ്ങളില്ലാത്ത ഗൾഫ്, സമാധാനപൂർണമായ ലോകം എന്നതാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന സന്ദേശം. അതുകൊണ്ടുതന്നെ തീവ്രവാദ പ്രചാരണങ്ങളുടെ ശക്തനായ എതിരാളി കൂടിയാണു കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!