അബുദാബി:
ഐ.പി.എല്‍ 13ാം സീസണിലെ എട്ടാം മത്സരത്തില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടം. അബുദാബി ഷേക്ക് സായ്ദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30-നാണ് മത്സരം. രണ്ടും ടീമുകളും ആദ്യമത്സരം പരാജയപ്പെട്ടതിനാല്‍ തന്നെ ഈ മത്സരത്തില്‍ ഇരുകൂട്ടര്‍ക്കും ജയം അനിവാര്യമാണ്. അദ്യമത്സരത്തില്‍ കൊല്‍ക്കത്ത മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടപ്പോള്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനോട് ഹൈദരാബാദും തോറ്റിരുന്നു.
താരങ്ങളാല്‍ സമ്പന്നമാണ് ഇരുടീമുകളും. ടി20 താരങ്ങളുടെ സമ്പന്നത നോക്കുമ്പോള്‍ കൊല്‍ക്കത്തയുടെ തട്ടാണ് താണിരിക്കുന്നത്. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ഓപ്പണര്‍മാരായ സുനില്‍ നരെയ്‌ന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും പ്രകടനം പരാജയമായിരുന്നു. മധ്യനിരയില്‍ നിതീഷ് റാണ, ആന്ദ്രെ റസല്‍, ഇയാന്‍ മോര്‍ഗനും കൂടി ഫോം കണ്ടെത്തിയാല്‍ കൊല്‍ക്കത്ത വളരെ അപകടകാരികളാകും. ബോളിംഗ് നിരയില്‍ പാറ്റ് കമ്മിന്‍സിന്റെ ഫോമില്ലായ്മ കൊല്‍ക്കത്തയ്ക്ക് തലവേദനയാകുന്നുണ്ട്.
ഹൈദരാബാദിന്റെ ബാറ്റിംഗ് നിരയില്‍ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ എന്നിവരിലാണ് പ്രതീക്ഷ. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ വിജയ് ശങ്കര്‍ പരാജയമാണ്. ബോളിംഗ് നിരയില്‍ റാഷിദ് ഖാന്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് ടീമിന് കഴിഞ്ഞ മത്സരത്തില്‍ തിരിച്ചടിയായി.
കളിക്കണക്ക് നോക്കിയാല്‍ കൊല്‍ക്കത്തയ്ക്കാണ് മേല്‍ക്കൊയ്മ. ഇരു ടീമുകളും 17 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 10 തവണയും ജയിച്ചത് കൊല്‍ക്കത്തയായിരുന്നു. ഏഴ് മത്സരത്തില്‍ ഹൈദരബാദും ജയിച്ചു. ഹൈദരാബാദിനെതിരേ കെ കെ ആറിന്റെ ശരാശരി ടീം സ്‌കോര്‍ 149 റണ്‍സും ഹൈദരാബാദിന്റെ ടീം സ്‌കോര്‍ 156 റണ്‍സുമാണ്.