വിവാഹത്തിനിടെ കാമുകനെത്തി വധുവിനെ ചുംബിച്ചാല്‍ എന്തായിരിക്കും നടക്കുക. പൊരിഞ്ഞ അടി നടക്കും. അങ്ങനെ ഒരു സംഭവം നടന്നിരിക്കുകയാണ് തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ഹുസുരാബാദില്‍. വിവാഹദിവസം സിനിമയെ വെല്ലുന്ന ക്ലൈമാക്സിനാണ് വീട്ടുകാരും അതിഥികളും സാക്ഷ്യം വഹിച്ചത്. ക്ലൈമാക്സില്‍ പ്രശ്നപരിഹാരത്തിനായി പൊലീസിന് വരേണ്ടിവന്നു.
ഹുസുരാബാദ് സ്വദേശിനിയായ ദിവ്യയുമായി മന്ദാമരിയില്‍ നിന്നുള്ള പ്രവീണ്‍കുമാറിന്റെ വിവാഹം വീട്ടുകാരാണ് ഉറപ്പിച്ചത്. വിവാഹഘോഷയാത്രയില്‍ വരനും വധുവും കാറിലിരുന്ന് മുന്നോട്ടു പോവുകയായിരുന്നു. ഈ സമയത്താണ് ദിവ്യയുടെ കാമുകന്‍ വംശി സ്ഥലത്തെത്തിയത്. ഘോഷയാത്രയില്‍ കടന്നുകൂടിയ വംശം കാര്‍ തടയുകയും ദിവ്യയെ വലിച്ചിറക്കിയശേഷം വരന്റെ മുന്നില്‍വെച്ച് ചുംബിക്കുകയുമായിരുന്നു.മാത്രമല്ല, തന്നൊടൊപ്പം വരാന്‍ ദിവ്യയോട് ആവശ്യപ്പെടുകയും ചെയ്തു. ‘ഇവള്‍ എന്റേതാണ്, നിങ്ങള്‍ക്ക് എങ്ങനെ സ്വന്തമാകും’ എന്ന് വരനോട് ചോദിച്ചുകൊണ്ടായിരുന്നു പരസ്യ ചുംബനം. വരന്‍ വംശിയെ തടയാന്‍ ശ്രമിച്ചുവെങ്കിലും ഉന്തിലും തല്ലിലും കലാശിച്ചു. കൂട്ടത്തല്ലിനൊടുവില്‍ പൊലീസ് എത്തി. വരന്‍ യുവതിയുടെ കാമുകനെതിരെ പൊലീസില്‍ പരാതി നല്‍കി. മദ്യപിച്ച് തന്നെയും വധുവിനെയും കൈയേറ്റം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കാമുകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതുവരെ മൗനം പാലിച്ച ദിവ്യ, കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ മനസ്സുതുറന്നു. കാമുകനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ദിവ്യ പൊലീസിനോട് പറഞ്ഞതോടെ വരനടക്കം അവിടെയുണ്ടായിരുന്നവരെല്ലാം ഞെട്ടി.
കുടുംബത്തിന് മാനഹാനിയുണ്ടാക്കിയ മകളെ വേണ്ടെന്ന് പറഞ്ഞ് ദിവ്യയെ കുടുംബം പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച് മടങ്ങി. തുടര്‍ന്ന് ദിവ്യയെ സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റി. ദിവ്യയും വംശിയും പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാര്‍ ദിവ്യയെ നിര്‍ബന്ധിച്ച് മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.