കോഴിക്കോട്:
കരിപ്പൂരില്‍ വിമാന അപകടമുണ്ടായപ്പോള്‍ കോവിഡ് മഹാമാരിയെ വകവെക്കാതെ സേവന സന്നദ്ധതയോടെ ഓടിയെത്തിയവരില്‍ ഒരാളാണ് കോഴിക്കോട് വെള്ളിപറമ്ബ് സ്വദേശിനിയായ സില്‍സിലി. അപകടത്തില്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയ അഞ്ച് വയസ്സുകാരിയെ ശുശ്രൂഷിച്ചും അപകടത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കിയും സില്‍സിലി സഹജീവി സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയായി മാറി. കുഞ്ഞിനെ ചേര്‍ത്തുപിടിക്കുന്നത് കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ കരുതിയത് കുട്ടിയുടെ അമ്മയാണ് സില്‍സിലി എന്നാണ്. വിവരമറിഞ്ഞെത്തിയ സന്നദ്ധ പ്രവര്‍ത്തകയാണെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ആശ്ചര്യമായി. ആ സംഭവം ഇങ്ങനെയാണ്..
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ വിവരമറിഞ്ഞ ഉടനെ തന്നെ ആരുടെയും വിളിക്ക് കാത്ത് നില്‍ക്കാതെ ടീം വെല്‍ഫെയര്‍ അംഗമായ അശ്റഫ് വെള്ളിപറമ്ബ് അങ്ങോട്ട് തിരിക്കുകയായിരുന്നു.
സ്ത്രീകളുടെ സേവനം അനിവാര്യമാണെന്ന് അവിടെയെത്തിയപ്പോള്‍ മനസ്സിലായി. അങ്ങനെയാണ് ഭാര്യ സില്‍സിലി പേമാരിയെയും കാറ്റിനെയും വകവെയ്ക്കാതെ രാത്രിയില്‍ ഇരുചക്രവാഹനത്തില്‍ അവിടെ എത്തുന്നത്. ഉടനെ പിപിഇ കിറ്റ് ധരിച്ച് അപകടത്തില്‍പ്പെട്ട അഞ്ച് വയസ്സുകാരി ജസയെ മാറോട് ചേര്‍ത്ത് ആശ്വസിപ്പിച്ചു. കുട്ടിയുടെ മൂത്തമ്മ ജസീല വേദന കൊണ്ട് പുളയുന്ന രംഗം ശ്രദ്ധയില്‍ പെട്ടു. കൂട്ടിന് സ്ത്രീകളാരും ഇല്ലാത്ത അവസ്ഥ. കുട്ടിയെയും സ്ത്രീയെയും പരിചരിച്ചുകൊണ്ടിരിക്കെ
അപകടത്തില്‍ പെട്ട മറ്റൊരു സ്ത്രീ ആശുപത്രി ഷീറ്റില്‍ നാണം മറിച്ചിരിക്കുന്നത് കണ്ടു. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി. ഇതൊക്കെ കണ്ടുനിന്ന ഡോക്ടര്‍ ചോദിച്ചു- ഈ കുട്ടിയുടെ മാതാവാണോ? അതോ നഴ്സാണോ? അതൊന്നുമല്ലെന്നും താന്‍ വിവരമറിഞ്ഞെത്തിയ സന്നദ്ധ പ്രവര്‍ത്തക മാത്രമാണെന്നും പറഞ്ഞപ്പോള്‍ ഡോക്ടര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. ഡോക്ടര്‍ക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ബന്ധുക്കളെത്തി കുട്ടിയെ അവരെ ഏല്‍പ്പിച്ചതിന് ശേഷമാണ് ടീം വെല്‍ഫെയര്‍ അംഗം കൂടിയായ സില്‍സിലി മടങ്ങിയത്. ഭര്‍ത്താവും ഭാര്യയും സേവനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും അവരുടെ KL 11 T 2576 എന്ന ഫാഷന്‍ പ്ലസ് ബൈക്ക് മോഷണം പോയി. ബൈക്ക് നഷ്ടപ്പെട്ടതിലേറെ മറ്റെന്തൊക്കെയോ നേടിയിട്ടുണ്ട് എന്നാണവരുടെ ആത്മസംതൃപ്തി. രണ്ട് പേരും ഇപ്പോള്‍ ക്വാറന്‍റൈനിലാണ്.
ചിത്രത്തിൽ കരിപ്പൂർ വിമാന ദുരന്തത്തിൽ പെട്ട കുട്ടിയെ എടുത്തിരിക്കുന്നത് ഉമ്മയല്ല ; അമ്പരന്നു ഡോക്ടർമാർ
Read Time:3 Minute, 37 Second