കോവിഡ് 19ന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയെന്ന് പ്രചാരണം നടത്തി മരുന്ന് വില്‍പ്പന നടത്തിയ പതഞ്ജലി ആയുര്‍വേദിന് മദ്രാസ് ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴ ചുമത്തി.
കോവിഡ് 19 നെതിരെ രോഗപ്രതിരോധ ബൂസ്റ്റര്‍ ഗുളികകള്‍ വിപണനം ചെയ്യുന്നതിന് കോറോണില്‍ എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്ന് പതഞ്ജലിയെ വിലക്കുന്ന ഇടക്കാല സ്റ്റേ തള്ളാനും കോടതി വിസമ്മതിച്ചു.
കോവിഡിനെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ അവരുണ്ടാക്കുന്ന കൊറോണില്‍ എന്ന ഗുളിക യഥാര്‍ത്ഥത്തില്‍ ഒരു രോഗ പ്രതിരോധ മരുന്നല്ല, മറിച്ച് ജലദോഷം, പനി എന്നിവയ്ക്കുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് മാത്രമാണെന്ന് ജസ്റ്റിസ് സി.വി കാര്‍ത്തികേയന്‍ വിലയിരുത്തി.
പിഴയിനത്തില്‍ അഞ്ച് ലക്ഷം രൂപ വീതം അഡയാര്‍ ക്യാന്‍സര്‍ സെന്ററിനും സര്‍ക്കാര്‍ യോഗ ആന്റ് ന്യൂറോപതി മെഡിക്കല്‍ കോളെജിനും നല്‍കാനും കോടതി ഉത്തരവിട്ടു. തുക ഓഗസ്റ്റ് 21ന് മുമ്ബായി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പണമടച്ചതിന്റെ രേഖകള്‍ ഓഗസ്റ്റ് 25ന് മുമ്ബ് മദ്രാസ് ഹൈക്കോടതി രജിസ്ട്രിയില്‍ സമര്‍പ്പിക്കണമെന്നും വിധിയില്‍ പറയുന്നു.
ചെന്നൈ ആസ്ഥാനമാക്കിയുള്ള അരൂദ എഞ്ചിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. യോഗ ഗുരു രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിന് മരുന്ന് വില്‍പ്പന നടത്താനാകില്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.