ദുബായ്: നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ പ്രതിചേര്‍ത്ത ഫൈസല്‍ ഫരീദിനെ വിട്ടുനല്‍കണമെങ്കില്‍ യുഎഇയില്‍ സാമ്ബത്തികതട്ടിപ്പു നടത്തി രാജ്യം വിട്ട പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയെ കൈമാറണമെന്ന ആവശ്യവുമായി യുഎഇ.
നിലവില്‍ സാമ്ബത്തിക കുറ്റകൃത്യ കേസില്‍ യുഎഇയില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയാണ് ഫൈസല്‍ ഫരീദ്.
എന്‍ഐഎ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയ നയതന്ത്ര ബാഗിലെ സ്വര്‍ണക്കടത്തുകേസില്‍ ദുബായില്‍ നിന്ന് അത് കയറ്റി അയച്ചത് ഫൈസല്‍ ഫരീദാണെന്ന് കണ്ടെത്തിയിരുന്നു.
സംഭവം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ ഫൈസല്‍ ഫരീദിന്‍റെ അറസ്റ്റ് ഈ കേസില്‍ നിര്‍ണായകമാണ്.
കണ്ടെടുത്ത സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗ് അയച്ചത് ഫൈസല്‍ ആണെന്നിരിക്കെ ഇയാളെ ഇന്ത്യയിലെത്തിക്കാന്‍ കഴിയാത്തത് എന്‍ഐഎക്ക് തിരിച്ചടിയാണ്.
ഈ സാഹചര്യത്തില്‍ ഫൈസലിനെ ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞ മുന്നാഴ്ചയിലേറെയായി കേന്ദ്രസര്‍ക്കാര്‍ വഴി നയതന്ത്ര ഇടപെടല്‍ തന്നെ നടന്നിരുന്നു. പക്ഷെ നിലവില്‍ യുഎഇയിലെത്തി ഇയാളെ ചോദ്യം ചെയ്യാനുള്ള അനുവാദം മാത്രമാണ് എന്‍ഐഎക്ക് ലഭിച്ചിരിക്കുന്നത്.
എന്നാല്‍ ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടണമെങ്കില്‍ സമാന രീതിയില്‍ യുഎഇയില്‍ സാമ്ബത്തിക തട്ടിപ്പു നടത്തി മുങ്ങിയ പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയെ വിട്ടുനല്‍കണമെന്നാണ് യുഎഇ ആവശ്യപ്പെടുന്നത്.
എന്‍എംസി ഹെല്‍ത്ത്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനാണ് ബാഗവത്തു രഘുറാം ഷെട്ടിയെന്ന ബിആര്‍ ഷെട്ടി. യുഎഇയിലെ വിവിധ ബാങ്കുകള്‍ക്കായി ഏകദേശം 50000 കോടി രൂപയുടെ കടബാധ്യതയാണ് ഷെട്ടിക്കുള്ളതെന്ന് പറയുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്ക് ഇദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ഷെട്ടിയെ ഇന്ത്യയില്‍നിന്ന് ദുബായിലെത്തിക്കേണ്ടത് ഇവിടുത്തെ ഭരണകൂടത്തിന്‍റെ ആവശ്യമാണ്. ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്‍റെ ആവശ്യവും. അതിനാല്‍ പ്രതികളെ പരസ്പരം വച്ചു മാറാം എന്നാണ് യുഎഇ ഇപ്പോള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.