മുംബൈ: സാധാരണ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ട്രാഫിക് വിളക്കുകളിലും സൂചനാ ബോര്‍ഡുകളിലും കാല്‍നടയാത്രക്കാരെ പ്രതിനിധാനംചെയ്യാന്‍ പുരുഷ രൂപമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആ സ്ഥാനത്താണ് സ്ത്രീരൂപം വരുന്നത്. ഇന്ത്യയിലാദ്യമായി മുംബൈ നഗരത്തിലെ ട്രാഫിക് സിഗ്‌നലുകളിലെ സൂചനാ ബോര്‍ഡുകളില്‍ ആണ് പുരുഷന്മാരുടെ സ്ഥാനത്ത് സ്ത്രീരൂപങ്ങള്‍ സ്ഥാനംപിടിക്കുന്നത്. പൊതു ഇടങ്ങളില്‍ ലിംഗസമത്വം ഉറപ്പാക്കാനുള്ള പദ്ധതികളുടെ ഭാഗമായി ആണ് മുംബൈയില്‍ ഈ പരിഷ്‌കാരം നടപ്പാക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ പുതിയ ബോര്‍ഡുകളും ലൈറ്റുകളും സ്ഥാപിച്ചത് മുംബൈ ദാദറില്‍, വീര്‍ സവര്‍ക്കര്‍ മാര്‍ഗ് എന്നു പേരുമാറ്റിയ കാഡല്‍ റോഡില്‍ 13 കവലകളിലാണ്.
പുതിയ പരിഷ്‌കാരത്തിന്റെ വിവരവും ചിത്രങ്ങളും മഹാരാഷ്ട്ര ടൂറിസംമന്ത്രിയും ശിവസേനയുടെ യുവനേതാവുമായ ആദിത്യ താക്കറെയാണ് ട്വിറ്ററിലൂടെ ആദ്യം പങ്കുവെച്ചത്. അഭിമാന മുഹൂര്‍ത്തമാണിതെന്നു അദ്ദേഹം പറഞ്ഞു . ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മേയര്‍ കിഷോരി പഡ്‌നേങ്കര്‍ക്കും അസിസ്റ്റന്റ് കമ്മിഷണര്‍ കിരണ്‍ ദിഘാവ്കറിനും നഗരസഭാംഗം വിശാഖാ റാവുത്തിനും നന്ദി അറിയിച്ചു.
ഇപ്പോള്‍ 13 കവലകളിലെ 120 ട്രാഫിക് സിഗ്‌നലുകളാണ് പരിഷ്‌കരിക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ കിരണ്‍ ദിഘാവ്കര്‍ പറഞ്ഞു. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും. 2000-ത്തില്‍ ഡച്ച് നഗരമായ ആമെര്‍സ്ഫൂര്‍ട്ടിലാണ് ഇത്തരം ബോര്‍ഡുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ കഴിഞ്ഞവര്‍ഷം ആണ് പരിഷ്‌കാരം നടപ്പാക്കിയത്.
ട്രാഫിക് സിഗ്നലുകളിൽ സ്ത്രീ രൂപം; മുബൈയിലാണ് ട്രാഫിക്കിലും ലിംഗ സമത്വം നടപ്പാക്കിയത്
Read Time:2 Minute, 24 Second