തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ ഐ എ രണ്ടാമതും ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ സര്‍ക്കാരും സി പി എമ്മും കടുത്ത സമ്മര്‍ദ്ദത്തിലായി. ചോദ്യം ചെയ്യലിനുശേഷം അദ്ദേഹത്തെ വിട്ടയയ്ക്കുകയാണെങ്കില്‍ സര്‍ക്കാരിനെയും സി പി എമ്മിനെയും സംബന്ധിച്ചിടത്തോളം അത് വലിയ ആശ്വാസമാകും.
ശിവശങ്കറിനെ ചോദ്യംചെയ്യുന്നതും അന്വേഷണം നടക്കുന്നതും സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുതരത്തിലും ബാധിക്കില്ലെന്നാണ് മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിരന്തരം പറയുന്നത്. എന്നാല്‍ അന്വേഷണത്തില്‍ പാര്‍ട്ടിക്ക് വലിയ ആശങ്കയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.ചോദ്യം ചെയ്യലിനുശേഷം അറസ്റ്റുചെയ്യാതെ വിട്ടയച്ചാലും സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തുന്ന അന്വേഷണവും തലവേദന ഉണ്ടാക്കും എന്നാണ് വിലയിരുത്തുന്നത്.അതിനിടെ എന്‍ ഐ എയ്ക്ക് നല്‍കാനായി സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യങ്ങള്‍ പകര്‍ത്തിത്തുടങ്ങിയിട്ടുണ്ട്.
ശിവശങ്കറിനെ അറസ്റ്റുചെയ്താല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ഇപ്പോള്‍ത്തന്നെ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷവും ബി ജെ പിയും പ്രക്ഷോഭം കൂടുതല്‍ കടുപ്പിക്കും. ഒപ്പം സി പി ഐയെപ്പോലെ വിവാദത്തില്‍ എതിര്‍പ്പുയര്‍ത്തുന്ന എല്‍ ഡി എഫിലെ ഘകകക്ഷികളും സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാക്കും. ഇത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കടുത്ത അഗ്നി പരീക്ഷയാവും.
സ്വപ്നയും സന്ദീപുമായി തനിക്ക് വ്യക്തിപരമായ ബന്ധം മാത്രമാണുള്ളതെന്ന് കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലില്‍ ശിവശങ്കര്‍ ആവര്‍ത്തിച്ചത് എന്‍.ഐ.എയും കസ്റ്റംസും വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. വര്‍ഷങ്ങളായി പ്രതികള്‍ നടത്തുന്ന സ്വര്‍ണക്കടത്ത് അറിഞ്ഞിരുന്നില്ലെന്നാണ് ശിവശങ്കറിന്റെ വാദം. സ്വപ്ന ഉള്‍പ്പെടെ സ്വകാര്യമായി ഒരുക്കിയ പാര്‍ട്ടികളില്‍ പങ്കെടുത്തതും ഫ്ളാറ്റ് വാടകയ്ക്കെടുക്കാന്‍ സഹായിച്ചതും എന്‍.ഐ.എ ചോദ്യം ചെയ്യലില്‍ വീണ്ടും ഉന്നയിക്കും. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം ശിവശങ്കര്‍ പ്രതികളുമായി ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങളും അന്വേഷണസംഘത്തിന്റെ കൈയിലുണ്ട്.
എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ തുടങ്ങി ; നെഞ്ചിടിപ്പോടെ സർക്കാർ
Read Time:3 Minute, 48 Second