ദുബായ്: ദുബായിലെ കാര്‍ഗോ സ്ഥാപനമായ റൂബി കാര്‍ഗോയുടെ വെയര്‍ഹൗസ് അഗ്നിക്കിരയായപ്പോള്‍ ചാമ്ബലായത് നിരവധി മലയാളികള്‍ മരുഭൂമിയില്‍ കിടന്ന് ചോര നീരാക്കി പണിയെടുത്ത സമ്ബാദ്യങ്ങള്‍. വെയര്‍ഹൗസ് കത്തിയമര്‍ന്നതോടെ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് അയക്കാന്‍ ഏല്‍പിച്ച വിലപിടിപ്പുള്ള സാധനങ്ങളാണ് പൂര്‍ണമായും കത്തി നശിച്ചത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൂബി കാര്‍ഗോയുടെ ഉമ്മു റമൂലിലെ വെയര്‍ഹൗസാണ് കത്തിയമര്‍ന്നത്.
കോവിഡ് മൂലം ജോലി മതിയാക്കി നാട്ടില്‍ പോന്നവരുടേയും ജോലി നഷ്ടമായവരുമെല്ലാം ഉള്ള സമ്ബാദ്യം നുള്ളി പെറുക്കി നാട്ടിലേക്ക് കൊണ്ടു പോകാനായി വാങ്ങിയ സാധനങ്ങളാണ് കാര്‍ഗോ സ്ഥാപനത്തിന്റെ വെയര്‍ഹൗസില്‍ കത്തിയമര്‍ന്നത്.
വര്‍ഷങ്ങള്‍ കൊണ്ട് സമ്ബാദിച്ചതെല്ലാം കത്തിയമര്‍ന്നതിന്റെ സങ്കടത്തില്‍ നെഞ്ചു പൊട്ടിക്കരയുകയാണ് മലയാളികള്‍. ഈ മാസം ആറിന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അഗ്‌നിബാധ. ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേനയും സിവില്‍ഡിഫന്‍സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ വെയര്‍ ഹൗസിലുണ്ടായിരുന്ന സാധനങ്ങളെല്ലാം തന്നെ അഗ്നിക്കിരയാകുക ആയിരുന്നു.
കോഴിക്കോട് സ്വദേശി രഘുനാഥിന്റെ ഉടമസ്ഥതയിലുള്ളതാണ് റൂബി കാര്‍ഗോ കമ്ബനി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജോലി മതിയാക്കി സമ്ബാദ്യമെല്ലാം കാര്‍ഗോ കമ്ബനിയെ ഏല്‍പ്പിച്ച് നാട്ടിലേക്ക് വിമാനം കയറിയ പലരും തങ്ങളുടെ സ്വത്തുക്കള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞു വരുന്നതേയുള്ളു. തങ്ങളുടെ സാധനങ്ങള്‍ എവിടെ വരെയെത്തി എന്ന് പലരും വിളിച്ച് അന്വേഷിച്ചപ്പോഴാണ് വെയര്‍ ഹൗസ് തീ പിടിച്ച കാര്യം ജീവനക്കാര്‍ വഴി അറിയുന്നത്. വിലമതിക്കാനാകാത്ത സാധനങ്ങള്‍ പലതുമാണ് കത്തിയമര്‍ന്നതെങ്കിലും, തങ്ങള്‍ക്ക് തക്ക നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം. ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
സംഭവം നടന്ന് ദിവസങ്ങളായെങ്കിലും കാര്‍ഗോ കമ്ബനി അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. നഷ്ടപരിഹാരം നേടിയെടുക്കുന്നതിനായി പോരാടാന്‍ ഇടപാടുകാര്‍ ചേര്‍ന്ന് വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ്. നമ്ബര്‍: +91 94470 74603. പലര്‍ക്കും ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സാധനങ്ങളാണ് നഷ്ടമായത്. വിലമതിക്കാനാവാത്ത വസ്തുക്കളും നഷ്ടമായവയില്‍ പെടുന്നു.
വര്‍ഷങ്ങളായി താന്‍ ശേഖരിച്ചുവച്ച വിലപിടിപ്പുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളടക്കം ഒരു ലക്ഷത്തിലേറെ ദിര്‍ഹമിന്റെ സാധനങ്ങള്‍ നഷ്ടപ്പെട്ടതായി ദുബായില്‍ ഇംഗ്ലീഷ് പത്രത്തില്‍ ആര്‍ട്ടിസ്റ്റായിരുന്ന പാലക്കാട് കണ്ണാടി സ്വദേശി സന്തോഷ് കുമാര്‍ പറഞ്ഞു. ജോലി മതിയാക്കി നാട്ടിലേയ്ക്ക് പോകുന്നതിനാലാണ് സന്തോഷ് കുമാര്‍ സാധനങ്ങള്‍ റൂബി കാര്‍ഗോയെ ഏല്‍പിച്ചത്. കഴിഞ്ഞ 12 വര്‍ഷമായി യുഎഇയില്‍ പ്രവാസിയായ ഇദ്ദേഹം 2008 മുതല്‍ ശേഖരിച്ച അപൂര്‍വ വസ്തുക്കളും കൂട്ടത്തിലുണ്ടായിരുന്നു. പണം കൊടുത്താല്‍ പോലും തിരിച്ചുകിട്ടാത്ത വിലമതിക്കാനാകാത്ത വസ്തുക്കള്‍ നഷ്ടപ്പെട്ടതിന്റെ ആഗാധത്തില്‍ നിന്ന് താനിപ്പോഴും മോചിതനായിട്ടില്ലെന്ന് ജൂണ്‍ 30ന് നാട്ടില്‍ പോയ സന്തോഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ജോലി നഷ്ടമായതിനെ തുടര്‍ന്നാണ് ദുബായില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന തൃശൂര്‍ ഗുരുവായൂര്‍ പെരുങ്ങോട്ടുകര സ്വദേശി ഷിബിന്‍ നാട്ടിലേയ്ക്ക് പോന്നത്. താമസ സ്ഥലത്തുണ്ടായിരുന്ന മിക്ക സാധനങ്ങളും നാട്ടിലെത്തിക്കാന്‍ കാര്‍ഗോയെ ഏല്‍പ്പിച്ചു. താമസ സ്ഥലത്തുണ്ടായിരുന്ന മിക്ക സാധനങ്ങളും നാട്ടിലെത്തിക്കാന്‍ ഏല്‍പിച്ചിരുന്നു. തുടര്‍ന്ന് ഷിബിനും കുടുംബവും നാട്ടിലേയ്ക്ക് പോയത്. നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞാണ് വെയര്‍ഹൗസ് അഗ്നിക്കിരയായ കാര്യം അറിയുന്നത്.
ജോലി മതിയാക്കി നാട്ടിലേക്ക് പോന്ന നിരവധി മലയാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ നഷ്ടമായിട്ടുണ്ട്. വീട്ടിലേയ്ക്കുള്ള ഫര്‍ണിച്ചറുകളും ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ അടക്കമുള്ള വിലകൂടിയ വീട്ടുപകരണങ്ങളും മക്കളുടെ സ്‌കൂള്‍ സര്‍ടിഫിക്കറ്റുകളും പലര്‍ക്കും നഷഅടമായി. തനിക്ക് ഏഴ് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും ഇനിയെന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണെന്നും കഴിഞ്ഞ 14 വര്‍ഷമായി ദുബായില്‍ അക്കൗണ്ടന്റായിരുന്ന അന്‍സാര്‍ മുഹമ്മദ് പറഞ്ഞു.
അഗ്‌നിബാധയില്‍ വെയര്‍ഹൗസ് കത്തിയമര്‍ന്നതിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണം നടന്നുവരികയാണെന്നും റിപ്പോര്‍ട് ലഭിച്ചാലുടന്‍ നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള പരിഹാരം തീരുമാനിക്കുമെന്നും റൂബി കാര്‍ഗോ അധികൃതര്‍ പറഞ്ഞു. പലരുടെയും വിലപിടിപ്പുള്ള സാധനങ്ങളാണ് നഷ്ടമായതെന്ന് അറിയാം. എന്നാല്‍ ആരും ആശങ്കപ്പെടേണ്ടതില്ല. തക്കതായ പരിഹാരം കാണുമെന്നും കാര്‍ഗോ കമ്ബനി വ്യക്തമാക്കി.
റൂബി കാര്‍ഗോയുടെ വെയര്‍ഹൗസ് അഗ്നിക്കിരയായപ്പോള്‍ ചാമ്ബലായത് മലയാളികള്‍ ചോര നീരാക്കി പണിയെടുത്ത സമ്പാദ്യങ്ങൾ
Read Time:7 Minute, 13 Second