ദില്ലി: പതിറ്റാണ്ടുകള്‍ നീണ്ട നിയമപ്പോരാടത്തിനൊടുവില്‍ തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ ഉടമസ്ഥാവകാശതര്‍ക്കത്തില്‍ രാജകുടുംബത്തിന് അനുകൂല വിധി നല്‍കി സുപ്രീംകോടതി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്‍്റെ നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്‍്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്.
പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടര്‍ന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം.
2014-ലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയുമായി താരത്മ്യം ചെയ്യുമ്ബോള്‍ രാജകുടുംബത്തിന് അനുകൂലമായ രീതിയില്‍ കേസ് മാറി മറിഞ്ഞതായാണ് വിധിയില്‍ നിന്നും വ്യക്തമാവുന്നത്. ക്ഷേത്രത്തിന്‍്റെ ഭരണസംവിധാനവും പൊതുസ്ഥിതിയും പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ രാജകുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനമുണ്ടായിരുന്നു.
സിഎജി വിനോദ് റായിയും ക്ഷേത്രത്തിന്‍്റെ നടത്തിപ്പില്‍ പല അപാകതകളുമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്രയും പ്രതികൂല ഘടകങ്ങള്‍ ഉണ്ടായിട്ടും ക്ഷേത്രഭരണത്തില്‍ പങ്കാളിയാവാന്‍ സാധിച്ചത് രാജകുടുംബത്തിന് വലിയ വിജയമായിരിക്കും നല്‍കുക. രാജ്യത്തെ വിവിധ രാജകുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പിലും ഈ വിധി നിര്‍ണായകമാവും.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ ഉടമസ്ഥതയെ ചൊല്ലി സംസ്ഥാന സര്‍ക്കാരും രാജകുടുംബവും തമ്മില്‍ നിലനിന്ന തര്‍ക്കത്തിനാണ് വര്‍ഷങ്ങളില്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ പരമോന്നത നീതിപീഠം തീര്‍പ്പ് കല്‍പിച്ചത്. ക്ഷേത്ര ഉടമസ്ഥത ആര്‍ക്ക്? ക്ഷേത്ര ഭരണം എങ്ങനെ വേണം? രാജകുടുംബത്തിന് അവകാശമുണ്ടോ? സ്വത്തിന്റെ അവകാശം ആര്‍ക്ക്? ബി നിലവറ തുറക്കണോ? തുടങ്ങി വിവിധ നിയമപ്രശ്നങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമാണ് സുപ്രീംകോടതി ഇന്നു തീര്‍പ്പ് കല്‍പിച്ചത്.
ജസ്റ്റിസ് ആര്‍.എം.ലോധ, ജസ്റ്റിസ് എ.കെ.പട്നായിക് എന്നിവരടങ്ങിയ ബെഞ്ചാണ് പദ്മനാഭസ്വാമി ക്ഷേത്ര കേസ് ആദ്യം പരിഗണിച്ചത്. വിചാരണയ്ക്കിടെ ഇരുവരും വിരമിച്ചതോടെ ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ ഇപ്പോള്‍ വിധി പറഞ്ഞത്.
ക്ഷേത്രഭരണം സംസ്ഥാന സര്‍ക്കാരിന് വിട്ടു കൊടുത്തു കൊണ്ട് 2011-ല്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് തിരുവിതാംകൂര്‍ രാജകുടുംബും സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രഭരണം രാജാവിനാണെന്നും രാജാവിന്‍്റെ അനന്തരാവകാശിക്ക് കേസിന്‍്റെ നടത്തിപ്പ് കൈമാറാനാവില്ലെന്നും ഹൈക്കോടതി അന്നു വിധിച്ചിരുന്നു. ക്ഷേത്രത്തിലേയും നിലവറകളിലേയും അമൂല്യവസ്തുക്കളുടെ കണക്കെടുക്കണമെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രനും ജസ്റ്റിസ് കെ.സുരേന്ദ്രമോഹനും അധ്യക്ഷനായ ബെഞ്ച് അന്നു വിധിച്ചു.
ഈ വിധിയെ ചോദ്യം ചെയ്ത് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തെ ചൊല്ലിയുള്ള നിയമപ്പോരാട്ടം പരമോന്നത നീതിപീഠത്തില്‍ ആരംഭിച്ചത്. ക്ഷേത്ര സ്വത്ത് പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണെന്നും അതു നോക്കി നടത്താനുള്ള അവകാശം തങ്ങള്‍ക്കാണെന്നും രാജകുടുംബം കോടതിയില്‍ വാദിച്ചു. ക്ഷേത്ര സ്വത്തില്‍ തങ്ങള്‍ അവകാശം ഉന്നയിക്കുന്നില്ലെന്നും പദ്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രം തന്നെയാണെന്നും രാജകുടുംബം പദ്മനാഭസ്വാമി ദാസന്‍മാരാണെന്നും കോടതിയില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.
പത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിൽ രാജകുടുംബത്തിന് അവകാശം ; സുപ്രീംകോടതി
Read Time:5 Minute, 58 Second