ബംഗളൂരുവിൽ വച്ചാണ് സ്വപ്‌ന കസ്റ്റഡിയിലാകുന്നത്.
കസ്റ്റംസും എൻഐഎയും സംയുക്തമായി ചേർന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്. സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഭിഭാഷകന്റെ നിർദേശ പ്രകാരമാണ് സ്വപ്‌ന ബംഗളൂരുവേലക്ക് കടന്നത്. കസ്റ്റംസിന് ഇന്നലെ തന്നെ ഇത് സംബന്ധിച്ച് സൂചനകൾ ലഭിച്ചിരുന്നു. കുടുംബത്തോടൊപ്പമാണ് സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നത്. സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു
ഇന്ന് പുലർച്ചെയാണ് സ്വപ്‌നയും കുടുംബവും സന്ദീപും ബംഗളൂരുവിലെത്തുന്നത്. എന്നാൽ ബംഗളൂരുവിൽ അഭയകേന്ദ്രമൊന്നും ലഭിച്ചിരുന്നില്ല. സ്വപ്‌ന ബംഗളൂരുവിൽ നിന്ന് ഫോൺ കോൾ നടത്തിയിരുന്നു. ഇതാണ് സ്വപ്‌നയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചതെന്നാണ് റിപ്പോർട്ട്. സ്വപ്‌നയെയും സന്ദീപിനെയും കൊച്ചിയിലെ എൻഐഎ ഓഫിസിലേക്കാകും എത്തിക്കുകയെന്നാണ് വിവരം.
സ്വപ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്. എന്നാൽ അതുവരെ അറസ്റ്റിന് വിലക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിവിധ ഏജൻസികൾ ഒരുമിച്ച് സ്വപ്നയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. കേന്ദ്ര ഇന്റലിജൻസ് ഏജൻസിയും അന്വേഷണ ഏജൻസികൾക്ക് വേണ്ട വിവരങ്ങൾ നൽകുന്നുണ്ടായിരുന്നു.
ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലിലാണ്. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് പിആർഒ സരിത്തിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണെന്ന വിവരം പുറത്തുവന്നു.