ബംഗളൂരു:
ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാല്‍പ്പത്തിയേഴ് ആടുകളെ ക്വാറന്‍റീൻ ചെയ്തു. ബംഗളൂരുവിൽ നിന്ന് 127km അകലെയുള്ള തുംകുർ ജില്ലയിലെ ഗൊഡേകെരെ ഗ്രാമത്തിലാണ് സംഭവം. ചിക്കനയകനഹള്ളി താലൂക്കിൽ ഉൾപ്പെട്ട ഈ ഗ്രാമത്തിൽ മുന്നൂറ് വീടുകളും ആയിരത്തോളം ആളുകളും താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആട്ടിടയൻ ഉൾപ്പെടെ രണ്ട് പേർക്കാണ് ഈയടുത്ത് ഗ്രാമത്തിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്.
പിന്നാലെ ഇയാളുടെ നാല് ആടുകളും ചത്തിരുന്നു ഇതോടെയാണ് ഗ്രാമത്തിൽ ആശങ്ക ഉയർന്നത്.. നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് ആരോഗ്യവകുപ്പ് അധികൃതരും വെറ്ററിനറി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആടുകളുടെ സ്രവങ്ങൾ പരിശോധനയ്ക്ക് എടുത്ത ശേഷം ഇവയെ ഗ്രാമത്തിന് പുറത്തായി ക്വാറന്‍റീൻ ചെയ്യുകയായിരുന്നു.. ഇതിനിടെ ഗ്രാമത്തിലെത്തിയ ആരോഗ്യപ്രവർത്തകർക്ക് നാട്ടുകാരുടെ എതിർപ്പും നേരിടേണ്ടി വന്നിരുന്നു.. ആടുകളെ കൊണ്ടു പോകാനാണിവർ എത്തിയതെന്ന സംശയത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
നാട്ടുകാരോട് കാര്യങ്ങൾ വിശദീകരിച്ച സംഘം ആടുകളെ അവിടെ പാർപ്പിച്ചാൽ വൈറസ് വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നും അവയെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമുള്ള കാരണം പറഞ്ഞ് അനുനയിപ്പിക്കുകയിരുന്നു.
ആടുകളിൽ നിന്ന് ശേഖരിച്ച സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പി.മണിവണ്ണൻ അറിയിച്ചത്. ചത്ത മൃഗങ്ങളുടെ പോസ്റ്റുമോർട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളൂരുവിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ (IAHVB) ആണ് മൃഗങ്ങളുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്.
മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് കോവിഡ് വ്യാപനം നടക്കുമെന്നത് സംബന്ധിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ലെന്നാണ് IAHVB ഡയറക്ടർ ഡോ. എസ്.എം.ബൈരെഗൗഡ പറയുന്നത്. എങ്കിലും ആടുകളുടെ സ്രവങ്ങൾ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ പരിശോധന കിറ്റുകള്‍ നിലവിൽ ലഭ്യമല്ലാത്തത് കൊണ്ടാണ് ഭോപ്പാലിലേക്ക് അയക്കുന്നത്.