തിരുവനന്തപുരം:
കോവിഡ് കാലത്ത് ജനങ്ങൾക്ക് ഇരട്ടി പ്രഹരമേൽപിച്ച് വൈദ്യുതിക്ക് പിന്നാലെ വെള്ളക്കരവും കൂട്ടി സംസ്ഥാന ജല അതോറിറ്റി. നാലും അഞ്ചും ഇരട്ടിയാണ് വെള്ളക്കരം കൂട്ടിയത്. ജല അതോറിറ്റി ഓഫീസുകളിൽ ഇതുസംബന്ധിച്ച പരാതികൾ കെട്ടിക്കിടക്കുകയാണ്. ലോക്ഡൗണിൽ അടച്ചിട്ട സ്ഥാപനങ്ങൾക്കും പൂട്ടിയിട്ട വീടുകൾക്കും കനത്ത വെള്ളക്കരം ലഭിച്ചിട്ടുണ്ട്. നേരത്തെ കൂടിയ ബില്ല് മീറ്റർ റീഡിങ് നിർത്തിയതോടെ അതേപോലെ തുടർന്നതും തിരിച്ചടിയായി.
ലോക് ഡൗൺ കാലത്ത് വെള്ളക്കരം പലരും കുടിശ്ശികയാക്കിയിരുന്നു. ഇതിന്റെ പിഴയും വന്നിരിക്കുകയാണ്. ലോക്ഡൗൺ നീട്ടിയപ്പോൾ ബിൽ അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടി ഉത്തരവ് ഇറങ്ങാൻ വൈകിയതുകൊണ്ടാണ് ബില്ലിൽ പിഴ ഉൾപ്പെട്ടത്. ഗാർഹിക ഉപഭോക്താക്കളും ഗാർഹികേതര ഉപഭോക്താക്കളും കൂടിയ ബിൽ കിട്ടിയതിന്റെ ഞെട്ടലിലാണ്. എന്നാൽ പരാതികൾ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന ഒഴുക്കൻ മറുപടിയാണ് വാട്ടർ അതോറിറ്റി നൽകുന്നത്.